12 വർഷത്തിനു ശേഷം കാഷ്മീരിൽ ബിഎസ്എഫ് ഇറങ്ങി
12 വർഷത്തിനു ശേഷം കാഷ്മീരിൽ ബിഎസ്എഫ് ഇറങ്ങി
Monday, August 22, 2016 1:26 PM IST
ശ്രീനഗർ: പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഇന്നലെ കാഷ്മീർ താഴ്വരയിൽ വിന്യസിക്കപ്പെട്ടു. 2004 നുശേഷം ഇതാദ്യമായാണ് ജമ്മു– കാഷ്മീർ തലസ്‌ഥാനത്ത് ബിഎസ്എഫ് വിന്യസിക്കപ്പെടുന്നത്. ലാൽചൗക്കിൽ അടക്കം ബിഎസ്എഫിനെ വിന്യസിച്ചതായി പോലീസ് പറഞ്ഞു. ക്രമസമാധാനനില വീണ്ടെടുക്കാനാണ് ബിഎസ്എഫിനെ ഇറക്കിയിരിക്കുന്നത്.

ഒന്നരമാസമായി സംഘർഷം തുടരുന്ന കാഷ്മീരിലേക്കു കേന്ദ്രസർക്കാർ 2600(26 കമ്പനി) ബിഎസ്എഫ് ജവാന്മാരെയാണ് അയച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്‌ഥാൻ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നാണു ബിഎസ്എഫ് ജവാന്മാരെ കാഷ്മീരിലേക്ക് അയച്ചത്. ഏതാനും ദിവസത്തിനകം 30 കമ്പനി ബിഎസ്എഫ് സംഘത്തെക്കൂടി അയയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

1991 മുതൽ 2004 വരെ കാഷ്മീരിൽ സൈനികനീക്കം നടത്തിയിരുന്നത് ബിഎസ്എഫ് ആയിരുന്നു. 2004ൽ തൽസ്‌ഥാനം സിആർപിഎഫ് ഏറ്റെടുത്തു. അന്നു മുതൽ ബിഎസ്എഫ് നിയന്ത്രണ രേഖയിലും അതിർത്തിയിലും മാത്രമായി.

ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തിനു പിന്നാലെ കാഷ്മീരിൽ പൊട്ടിപ്പുറപ്പെട്ട ലഹള ശമിക്കാത്ത പശ്ചാത്തലത്തിലാണ് ക്രമസമാധാന പാലനത്തിനായി ബിഎസ്എഫിനെ ഇറക്കിയിരിക്കുന്നത്. തുടർച്ചയായ 45–ാം ദിവസവും ജനജീവിതം സാധാരണ ഗതിയിലേക്കെത്തിയില്ല.

പ്രക്ഷോഭത്തെത്തുടർന്ന് ഏർപ്പെടുത്തിയ കർഫ്യു ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 66 സിവിലിയന്മാർ ഇതുവരെ കൊല്ലപ്പെട്ടു. 5,000ലധികം ആളുകൾക്ക് പരിക്കേറ്റതായാണു റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.