ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു
ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു
Tuesday, August 23, 2016 12:40 PM IST
ഗാന്ധിനഗർ: ഊന സംഭവം ഉൾപ്പെടെ ഗുജറാത്തിൽ ദളിതർക്കു നേരേ അരങ്ങേറുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച അമ്പതോളം കോൺഗ്രസ് എംഎൽഎമാരെ നിയമസഭയിൽനിന്ന് ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു. ബിജെപി സർക്കാരിന്റെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ ജനാക്രോശ് റാലിക്കിടെ 400 കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 11 ന് ഊനയിൽ ചത്ത പശുവിന്റെ തോലുമായി പോയ ദളിതരെ മർദ്ദിച്ച സംഭവം നിയമസഭയിൽ ഉന്നയിച്ചു പ്രതിഷേധിച്ച 50 കോൺഗ്രസ് എംഎൽഎമാരെയാണു സ്പീക്കർ സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ ദളിത് വിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി ബഹളം വയ്ക്കുകയും മന്ത്രിമാർക്കു നേരേ വളകൾ വലിച്ചെറിയുകയും ചെയ്തതിനാണു സസ്പെൻഷൻ. സ്പീക്കർ രമൺലാൽ വോറയുടെ നിർദേശം മറികടന്നാണു നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധപ്രകടനം നടത്തിയത്. ബഹളം രൂക്ഷമായതിനെത്തുടർന്ന് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കാൻ സ്പീക്കർ അസംബ്ലി മാർഷൽമാർക്കു നിർദേശം നല്കി. പിന്നീട്, എംഎൽഎമാരെ ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു.

ദളിത് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിലെത്തിയതെന്നു സ്പീക്കർ വോറ പറഞ്ഞു. ബഹളത്തിനിടെ ഇരിപ്പിടങ്ങളിൽ തന്നെയിരുന്ന പ്രതിപക്ഷനേതാവ് ശങ്കർസിംഗ് വഗേല, മുതിർന്ന കോൺഗ്രസ് അംഗം മോഹൻസിംഗ് രത്വ എന്നിവരെ സസ്പെൻഡ് ചെയ്തില്ല. എന്നാൽ, ഇരുവരും മറ്റംഗങ്ങൾക്കൊപ്പം വാക്കൗട്ട് നടത്തി സഭ ബഹിഷ്കരിച്ചു.


പിന്നീട്, ജനാക്രോശ് റാലിയുടെ ഭാഗമായി നിയമസഭയിലേക്കു മാർച്ച് നടത്തിയ കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ 400 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന നേതാക്കളായ ശങ്കർസിംഗ് വഗേല, ഭരത് സോളങ്കി, ശക്‌തിസിംഗ് ഗോഹിൽ, രാജ്യസഭാ എംപി മധുസൂദൻ മിസ്ത്രി എന്നിവരെയും അറസ്റ്റ് ചെയ്തു.

നിയമസഭയുടെ മൺസൂൺ സമ്മേളകാലത്ത് ദളിത് വിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ജനാക്രോശ് റാലിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു പ്രവർത്തകരാണു ഗാന്ധിനഗറിൽ എത്തിയത്. നിയമസഭയിലേക്ക് നടത്തിയ മാർച്ച് കവാടത്തിനു മുന്നിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിട്ട പോലീസ് 400 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.

ദളിതർക്കെതിരേ സംസ്‌ഥാനത്ത് അതിക്രമങ്ങൾ അരങ്ങേറുമ്പോൾ ബിജെപി സർക്കാർ നിഷ്ക്രിയമാണെന്നു കോൺഗ്രസ് നേതാവ് ഭരത് സോളങ്കി പറഞ്ഞു. അഴിമതികൊണ്ടു ജനം പൊറുതിമുട്ടി. ബലൂചിസ്‌ഥാൻ വിഷയം ചർച്ച ചെയ്യണമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിത് വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.