പുനഃസംഘടനയ്ക്കു ഹൈക്കമാൻഡ്
പുനഃസംഘടനയ്ക്കു ഹൈക്കമാൻഡ്
Tuesday, August 23, 2016 12:40 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ ഗ്രൂപ്പു സമ്മർദങ്ങൾക്കു വഴങ്ങാതെ പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി നടത്തിയ അവസാനഘട്ട ചർച്ചയിലാണു ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിലപാടു വ്യക്‌തമാക്കിയത്. അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഹൈക്കമാൻഡ് അറിയിക്കുമെന്നും ഹൈക്കമാൻഡ് എന്തു തീരുമാനിച്ചാലും അത് എല്ലാവരും അംഗീകരിക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

പുനഃസംഘടനയ്ക്കും സംഘടനാ തെരഞ്ഞെടുപ്പിനുമായി രൂപീകരിക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലേക്കു പരിഗണിക്കേണ്ട നേതാക്കളുടെ പട്ടികയും നേതാക്കൾ രാഹുൽ ഗാന്ധിക്കു കൈമാറി.

സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചു നിന്നതോടെ സഹകരിക്കാമെന്ന് ഇരുനേതാക്കളും അറിയിക്കുകയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയിലേക്കില്ലെന്ന നിലപാട് തിരുത്തിയ ഉമ്മൻ ചാണ്ടി, സമിതിയിലേക്കു പരിഗണിക്കേണ്ട നേതാക്കളുടെ പട്ടികയും കൈമാറി. ഇതോടെ, കേരളത്തിലെ ഗ്രൂപ്പുകൾ തമ്മിലുള്ള ആഭ്യന്തര കലാപത്തിനു താത്കാലിക വിരാമമായി.

ഇന്നലെ രണ്ടു സമയങ്ങളിലായി നടത്തിയ കൂടിക്കാഴ്ചയിലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പുനഃസംഘടന പ്രായോഗികമല്ലെന്ന വാദമാണ് മുന്നോട്ടുവെച്ചത്. സുധീരനെ മുൻനിർത്തിയുള്ള നീക്കം ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് ഇടയാക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു. അത്തരത്തിൽ ഒരു നടപടിയുമുണ്ടാകില്ലെന്നും രണ്ടു നേതാക്കളും മുന്നോട്ടുവെച്ച നിർദേശങ്ങൾ കണക്കിലെടുത്തു മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളുയെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന.


ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരും ഇവർ നിർദേശിച്ചവരിൽ ചിലരും ചില എംപിമാർ, ഹൈക്കമാൻഡ് നോമിനികൾ എന്നിവരും ഉൾപ്പെട്ട 15 അംഗ സമിതിയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുക. ഇതോടെ സംസ്‌ഥാന പാർട്ടിയിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും ഹൈക്കമാൻഡ് കണക്കു കൂട്ടുന്നു.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പും അതിനു മുന്നോടിയായി പുനഃസംഘടനയും പൂർത്തിയാക്കുന്നതാണു വി.എം. സുധീരനെയും ഹൈക്കമാൻഡിനെയും കുഴപ്പിക്കുന്നത്. താത്കാലിക വെടിനിർത്തലായെങ്കിലും ഗ്രൂപ്പു നേതാക്കൾ തമ്മിലുള്ള ഭിന്നത നിലനിൽക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ തുടർന്നും രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡ് നേതാക്കളുടെയും ഇടപെടൽ ഉണ്ടാകുമെന്നാണ് എഐസിസി നേതാക്കൾ നൽകുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.