ഗാന്ധി വധത്തിനു പിന്നിൽ ആർഎസ്എസ് അനുകൂലികളാണെന്നാണു വിമർശിച്ചത്: രാഹുൽ ഗാന്ധി
ഗാന്ധി വധത്തിനു പിന്നിൽ ആർഎസ്എസ് അനുകൂലികളാണെന്നാണു വിമർശിച്ചത്: രാഹുൽ ഗാന്ധി
Wednesday, August 24, 2016 1:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹാത്മാഗാന്ധിയെ വധിച്ചതുമായി ബന്ധപ്പെട്ട് ആർഎസ്എസ് എന്ന സംഘടനയ്ക്കെതിരേ താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു സംഘടന എന്ന പേരിൽ ആർഎസ്എസിനെതിരേ താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എന്നാൽ മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നിൽ ആർഎസ്എസ് അനുകൂലികളായ ആളുകളുണ്ടെന്നാണ് വിമർശനം ഉന്നയിച്ചതെന്നും രാഹുൽ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു.

ആർഎസ്എസിനെതിരേയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ അപകീർത്തി കേസിൽ നടപടിയെടുക്കാനുള്ള ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നൽകിയ ഹർജിയിൽ അന്തിമവാദം നടക്കുന്നതിനിടെയാണ് രാഹുൽ നിലപാട് വിശദമാക്കിയത്. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ടെ നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് പോലീസ് അന്വേഷണം നടത്താനും സമൻസയച്ചു കോടതിയിൽ ഹാജരാകാനും നിർദേശിച്ച ഭീവണ്ടി മജിസ്ട്രേറ്റിന്റെ തീരുമാനം ജുഡീഷൽ നടപടി തകിടംമറിച്ചെന്നു കഴിഞ്ഞ തവണ വാദം നടക്കവെ സുപ്രീം കോടതി വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആർഎസ്എസ് എന്ന സംഘടന ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നു രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നിലപാട് വ്യക്‌തമാക്കിയത്. ഇക്കാര്യം ബോംബൈ ഹൈക്കോടതിയെ അറിയിച്ചതാണെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച്, ഹർജി തീർപ്പാക്കുന്നതിനായി പരാതിക്കാരന്റെ അഭിപ്രായം തേടി. സെപ്റ്റംബർ ഒന്നിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാനും കോടതി പരാതിക്കാരന്റെ അഭിഭാഷകനു നിർദേശം നൽകി. പരാതിക്കാരൻ തീരുമാനം അറിയിച്ചില്ലെങ്കിൽ സെപ്റ്റംബർ ഒന്നിനു തീരുമാനമെടുക്കുമെന്നും കോടതി വ്യക്‌തമാക്കി.


2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ടു രാഹുൽ പരാമർശം നടത്തിയത്.

ഒരു സ്വകാര്യ പരാതിയുടെ അടിസ്‌ഥാനത്തിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചതിലൂടെ മജിസ്ട്രേറ്റ് സ്വന്തം പദവി ഇല്ലാതാക്കിയിരിക്കുകയാണെന്നു കഴിഞ്ഞ തവണ വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിലയിരുത്തൽ. പരാതിയിലുള്ള ആരോപണങ്ങൾ അടിസ്‌ഥാനമുള്ളതാണെന്നു സ്വയം ബോധ്യപ്പെടാതെ മജിസ്ട്രേറ്റ് പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടതു തെറ്റാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ആർഎസ്എസിനെതിരേ ഉന്നയിച്ച ആരോപണം അപകീർത്തി പരമാണെന്നു പരാതിക്കാരൻ ആദ്യം തെളിയിക്കണമായിരുന്നു. അതിനുള്ള തെളിവും പരാതിക്കാരൻ കോടതിയിലെത്തിക്കേണ്ടതായിരുന്നു. ഇവയെല്ലാം പരിശോധിച്ചിട്ടാണ് ഐപിസി 499–ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാവുമോയെന്നു മജിസ്ട്രേറ്റിനു ബോധ്യപ്പെടേണ്ടത്. ഇക്കാര്യത്തിൽ അത്തരമൊരു ബോധ്യപ്പെടലുണ്ടായിട്ടില്ലെന്നും കോടതി വിലയിരുത്തി. അങ്ങനെയുള്ള കാര്യത്തിലാണു പോലീസ് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് ഉത്തരവിട്ടതെന്നും അതു ഗുരുതരമായ തെറ്റാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു പൊതു സംഘടനയ്ക്കെതിരേ അധിക്ഷേപം നടത്തിയെങ്കിൽ രാഹുൽ ഗാന്ധി മാപ്പ് പറയുകയോ വിചാരണ നേരിടുകയോ ചെയ്യണമെന്നായിരുന്നു ജൂലൈ 19നു വാദം കേട്ടപ്പോൾ കോടതി നിർദേശിച്ചിരുന്നത്.

എന്നാൽ, താൻ നടത്തിയ പരാമർശത്തിൽ മാപ്പു പറയില്ലെന്നു രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.