അന്തർവാഹിനിയുടെ രഹസ്യം പുറത്തായപ്പോൾ
അന്തർവാഹിനിയുടെ രഹസ്യം പുറത്തായപ്പോൾ
Wednesday, August 24, 2016 1:30 PM IST
<ആ>സംഭവിച്ചത്

ഫ്രഞ്ച് കമ്പനി ഡിസിഎൻഎസ് ഇന്ത്യക്കുവേണ്ടി ഡിസൈൻ ചെയ്ത ആറു മുങ്ങിക്കപ്പലുകളുടെ (അന്തർവാഹിനി) സാങ്കേതികവിവരങ്ങൾ പുറത്തായി. ദി ഓസ്ട്രേലിയൻ എന്ന പത്രത്തിന്റെ വെബ്സൈറ്റിൽ 22,400 പേജ് രഹസ്യവിവരങ്ങൾ പ്രസിദ്ധീകരിച്ചു.

<ആ>പുറത്തായത്

മുങ്ങിക്കപ്പലിനു വെള്ളത്തിനടിയിലുള്ള സെൻസറുകൾ സംബന്ധിച്ച 4,457 പേജ്, ജലോപരിതലത്തിലെ സെൻസറുകൾ സംബന്ധിച്ച 4,209 പേജ്, ആയുധങ്ങൾ തൊടുക്കുന്നതു സംബന്ധിച്ച 4,301 പേജ്, ഗതിനിയന്ത്രണം സംബന്ധിച്ച് 2,138 പേജ്, സന്ദേശങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതും സംബന്ധിച്ച 6,841 പേജ്, ടോർപിഡോ തൊടുക്കുന്നതു സംബന്ധിച്ച 493 പേജ്.ചുരുക്കത്തിൽ മുങ്ങിക്കപ്പലിനെപ്പറ്റി അറിയേണ്ടതെല്ലാം പുറത്തായി.

<ആ>ഇതിന്റെ വില

ഇരുപതോ മുപ്പതോ വർഷം ചാരപ്പണി നടത്തിയാൽ മാത്രം ചൈനയ്ക്കും പാക്കിസ്‌ഥാനും കിട്ടാവുന്ന സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാകുന്നത് എന്ന് റിട്ടയേഡ് വൈസ് അഡ്മിറൽ എ.കെ. സിംഗ് പറഞ്ഞു.

<ആ>ഇന്ത്യക്കുള്ള ആഘാതം

ഇന്ത്യക്കു 14 അന്തർവാഹിനികൾ സർവീസിൽ ഉണ്ട്. റഷ്യയിൽനിന്നു 2022 വരെ പാട്ടത്തിനെടുത്ത ഐഎൻഎസ് ചക്ര എന്ന ആണവ അന്തർവാഹിനിയാണു പ്രധാനം. സിന്ധുഘോഷ് ക്ലാസിൽപ്പെട്ട ഒൻപതെണ്ണം ഉണ്ട്. പത്ത് ഉണ്ടായിരുന്നതിൽ സിന്ധുരക്ഷക് 2013ൽ പൊട്ടിത്തെറിച്ചു മുങ്ങി. ഒൻപതും റഷ്യൻ നിർമിതം.


ഷിപ്പുമർ ക്ലാസിൽപ്പെട്ട നാലെണ്ണം താമസിയാതെ നവീകരിക്കേണ്ട നിലയിലാണ്. അണുശക്‌തികൊണ്ടു പ്രവർത്തിക്കുന്ന അരിഹന്ത്, അരിധാമൻ എന്നിവ പരീക്ഷണഘട്ടത്തിലാണ്.

നിർമാണത്തിലുള്ള ആറു സ്കോർപീൻ ക്ലാസ് അന്തർവാഹിനികളെ അടുത്ത രണ്ടു ദശകത്തേക്കു പ്രധാന ചുമതലകൾ ഏൽപ്പിക്കുമെന്നാണു കരുതിയിരുന്നത്. ഇവയുടെ സാങ്കേതിക വിവരങ്ങൾ പുറത്തായ സാഹചര്യത്തിൽ ഡിസൈൻ മാറുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരും. രണ്ടു ദശകത്തിലേക്കുള്ള നാവിക തയാറെടുപ്പുകൾക്കാണു തിരിച്ചടി. ബദൽ മാർഗം തേടേണ്ടിവരും.

<ആ>മറ്റു രാജ്യങ്ങൾക്കും

മലേഷ്യ, ചിലി എന്നിവയും ഫ്രഞ്ച് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകൾ ഉപയോഗിക്കുന്നുണ്ട്. അവയും ബദൽ മാർഗം തേടണം. ഓസ്ട്രേലിയ രണ്ടര ലക്ഷം കോടി രൂപയ്ക്ക് 12 സ്കോർപീനുകൾ വാങ്ങാൻ കരാർ ഉണ്ടാക്കിയിരുന്നു. അതു പുനരാലോചിക്കേണ്ടിവരും.

<ആ>മറ്റു പ്രത്യാഘാതങ്ങൾ

രഹസ്യം എവിടെനിന്നാണു ചോർന്നതെന്ന് ഉറപ്പാകുന്നതുവരെ ഇന്ത്യയും സംശയനിഴലിലായിരിക്കും. സംശയം മാറുംവരെ ആണവരംഗത്തടക്കം നിരവധി മേഖലകളിൽ നവീന സാങ്കേതികവിദ്യ നൽകാൻ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മടിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.