വടക്കുകിഴക്കൻ ഇന്ത്യയിലും ഭൂചലനം
വടക്കുകിഴക്കൻ ഇന്ത്യയിലും ഭൂചലനം
Wednesday, August 24, 2016 1:51 PM IST
ന്യൂഡൽഹി/കോൽക്കത്ത: മ്യാൻമറിൽ കനത്ത നാശംവിതച്ച ഭൂകമ്പത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും നേരിയ ഭൂചലനം. ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയെന്നതൊഴിച്ചാൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിഹാർ, ഒഡീഷ, ആസാം, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരം നാലിനാണു ഭൂചലനം അനുഭവപ്പെട്ടത്.

വടക്കേയിന്ത്യയിൽ ഗുഡ്ഗാവ്, മാനേസർ, ഹരിയാനയിലെ ഭോണ്ട്സി എന്നിവിടങ്ങളിൽ ഭൂചലനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി. കോൽക്കത്തയിലും പാറ്റ്നയിലും ഗോഹട്ടിയിലുമെല്ലാം പലയിടത്തും സമാനമായ സംഭവങ്ങളുണ്ടായി. ഭൂചലനത്തിൽ ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ ഉണ്ടായതായി ബിഹാറിലെ കാലാവസ്‌ഥ ഓഫീസ് ഡയറക്ടർ എ.കെ. സെൻ അറിയിച്ചു. 14 നിലകളുള്ള പശ്ചിമബംഗാൾ സെക്രട്ടേറിയറ്റ് ഭൂചലനത്തെത്തുടർന്ന് ഒഴിപ്പിച്ചു. കോൽക്കത്ത മെട്രോ റെയിൽ സർവീസ് അരമണിക്കൂർ നേരം റദ്ദാക്കി.


ബിഹാറിലെ ദർബംഗ, മധുബനി, മുസാഫർപുർ തുടങ്ങിയ സ്‌ഥലങ്ങളിൽ ആളുകൾ കൂട്ടത്തോടെ വീടുവിട്ടിറങ്ങി. ഒഡീഷയിൽ കട്ടക്ക്, പാരദ്വീപ്, ജഗത്സിംഗ്പുർ, ബാലസോർ തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.