പെല്ലറ്റിനു പകരം മുളകുപൊടി
Thursday, August 25, 2016 1:22 PM IST
ന്യൂഡൽഹി: കാഷ്മീരിൽ പെല്ലറ്റ് തോക്കുകൾ നിരോധിക്കുന്നതിന്റെ ഭാഗമായി പവ (പെലർഗോണിക് ആസിഡ് വനിലൈൽ അമൈഡ്) നിറച്ച ഷെല്ലുകൾ പരീക്ഷിക്കാൻ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോടു ശിപാർശ ചെയ്തു. പ്രകൃതിദത്ത മുളകുപൊടിയിൽ കാണപ്പെടുന്ന നോനിവൈമൈഡ് എന്നു വിളിക്കുന്ന എന്ന രാസമിശ്രിതമാണിത്.

പ്രഹരശേഷി കുറഞ്ഞതും നിർദോഷവുമാണ് ഈ ഷെല്ലുകളെന്നാണു വിദഗ്ധ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഒരു വർഷത്തിലേറെയായി മുളകുപൊടി ഉപയോഗിച്ചുള്ള ഷെൽ നിർമാണം ടോക്സിക്കോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരികയായിരുന്നു.


2010ലാണ് പെല്ലറ്റ് തോക്കുകൾ കാഷ്മീർ താഴ്വരിയിൽ ഉപയോഗിച്ചുതുടങ്ങിയത്. മാരക ആയുധങ്ങളുടെ ഗണത്തിൽപ്പെടുത്താത്തതിനാൽ ഇവ ഗുരുതര പരിക്കേൽപ്പിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, പെല്ലറ്റ് തോക്കുകളുടെ ഉപയോഗം മൂലം നിരവധി പേരുടെ കാഴ്ച നഷ്‌ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതു നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.