2002 കലാപത്തിൽ ശിക്ഷിക്കപ്പെട്ട പട്ടേൽ യുവാക്കളെ വിട്ടയയ്ക്കണമെന്ന് ഹാർദിക്
2002 കലാപത്തിൽ ശിക്ഷിക്കപ്പെട്ട പട്ടേൽ യുവാക്കളെ വിട്ടയയ്ക്കണമെന്ന് ഹാർദിക്
Saturday, August 27, 2016 12:05 PM IST
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിൽ അറസ്റ്റിലായ പട്ടേൽ യുവാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി സംവരണ പ്രക്ഷോഭത്തിനു തുടക്കം കുറിച്ച ഹർദിക് പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവേദനം നല്കി. വിവിധ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 102 പട്ടേൽ സമുദായക്കാരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയാണു ഹാർദിക് മോദിക്ക് കത്തെഴുതിയിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഫലം നുകർന്നാണു നരേന്ദ്ര മോദി ആദ്യം മുഖ്യമന്ത്രിയായതെന്നും ഇപ്പോൾ പ്രധാനമന്ത്രി ആയിരിക്കുന്നതെന്നും ഏവർക്കും അറിയാമെന്നും ഹാർദിക് ആരോപിച്ചു.


ജയിൽശിക്ഷ അനുഭവിക്കുന്ന യുവാക്കൾ ദുരിതക്കയത്തിലാണ്. ഗുജറാത്തിനു വേണ്ടിയാണ് അവർ ജയിലഴിക്കുള്ളിലായത്. മോദി ഇപ്പോൾ പ്രധാനമന്ത്രിയാണ്. രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു പട്ടേൽ യുവാക്കളെ മോചിപ്പിക്കാൻ മോദിക്കു സാധിക്കും. എന്നാൽ, അദ്ദേഹം അതു ചെയ്യില്ല. കാരണം ലോകത്തിനു മുന്നിലും രാജ്യത്തിനു മുന്നിലും താൻ മതനിരപേക്ഷനാണെന്നു മോദിക്കു കാണിക്കേണ്ടിയിരിക്കുന്നു എന്നും കത്തിൽ ഹാർദിക് പറയുന്നു. ഗുജറാത്തികളെ, പ്രത്യേകിച്ചു പട്ടേൽ സമുദായത്തെ ദുരുപയോഗം ചെയ്ത ആളാണ് മോദിയെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.