ഭാര്യ മരിച്ചതിനെ തുടർന്നു യുവാവിനെ മൃതദേഹവുമായി ബസിൽ നിന്ന് ഇറക്കിവിട്ടു
ഭാര്യ മരിച്ചതിനെ തുടർന്നു യുവാവിനെ മൃതദേഹവുമായി ബസിൽ നിന്ന് ഇറക്കിവിട്ടു
Sunday, August 28, 2016 11:46 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: യാത്ര ചെയ്യുന്നതിനിടെ ബസിൽ ഭാര്യ മരിച്ചതിനെ തുടർന്ന് യുവാവിനെ മൃതദേഹവുമായി മഴയത്തു കാട്ടിലിറക്കി വിട്ടു. പിഞ്ചുകുഞ്ഞിനെയും വൃദ്ധയായ സ്ത്രീയെയും ഉൾപ്പെടെയാണു ബസ് ജീവനക്കാർ യാത്രക്കാരനെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണു സംഭവം.

രോഗബാധിതയായ മല്ലി ഭായിയുമായി ആശുപത്രിയിലേക്കു പോകവേയാണു രാംസിംഗ് ലോധിക്കു നേരെയുള്ള ബസ് ജീവനക്കാരുടെ ക്രൂരത. ബസിനുള്ളിൽ വച്ച് രോഗം മൂർച്ഛിച്ച് മല്ലി ഭായി മരണമടയുകയായിരുന്നു. ഇതേ തുടർന്ന് മൃതദേഹം ബസിൽ നിന്നു മാറ്റാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ബസ് ജീവനക്കാർ ബലപ്രയോഗത്തിലേക്കു കടന്നതോടെ മൃതദേഹവും അഞ്ച് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും പ്രായമുള്ള അമ്മയെയും കൂട്ടി വെളിയിലിറങ്ങുകയായിരുന്നെന്നു രാംദാസ് പറയുന്നു.

പ്രസവത്തെ തുടർന്നു രോഗബാധിതയായ മരുമകളെ വിദഗ്ധ ചികിത്സയ്ക്കായി ചത്തർപൂരിൽ നിന്നു ദാമോയിലേക്കു കൊണ്ടുപോകുകയായിരുന്നെന്ന് രാംസിംഗിന്റെ അമ്മ പുനിയ ഭായി പറഞ്ഞു. ദാമോയിലെത്താൻ 20 കിലോമീറ്റർ ഉള്ളപ്പോഴാണ് തങ്ങളെ ഇറക്കിവിട്ടത്. കനത്ത മഴയത്ത് അര മണിക്കൂറിലേറെ കാട്ടിലെ റോഡരികിൽ നിന്നതിനു ശേഷമാണ് ആ വഴി വന്നവരിൽ നിന്നു സഹായം ലഭിച്ചത്. സ്‌ഥലത്തെത്തിയ അഭിഭാഷകരായ മൃത്യുഞ്ജയ ഹസാരിയും രാജേഷ് പട്ടേലും ആദ്യം പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും വിവരങ്ങൾ രേഖപ്പെടുത്തി മടങ്ങിയതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും രാംസിംഗ് പറഞ്ഞു. അതിനുശേഷം അഭിഭാഷകർ തന്നെയാണു ടാക്സി ഏർപ്പെടുത്തിയത്.


സംഭവം വിവാദമായതോടെ പോലീസ് തുടർനടപടികളെടുക്കാൻ തയാറായി. ബസ് പോലീസ് പിടിച്ചെടുക്കുകയും ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാൻ പണമില്ലാത്തതിനെ തുടർന്ന് പന്ത്രണ്ടു കിലോമീറ്ററോളം ചുമന്ന ഒഡീഷ സ്വദേശി ദനാ മാഞ്ചിയുടെ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു പണമില്ലാത്തവന്റെ മൃതദേഹത്തോടുള്ള ക്രൂരത വീണ്ടും വാർത്തയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.