തരുൺ സാഗറിനെ ട്വിറ്ററിൽ പരിഹസിച്ച സംഗീത സംവിധായകനെതിരേ കേസ്
Monday, August 29, 2016 11:33 AM IST
ചണ്ഡിഗഡ്: ഹരിയാന നിയമസഭയിൽ നഗ്നനായി പ്രസംഗിച്ചു വാർത്തകളിൽ ഇടംനേടിയ ജൈനസന്യാസി തരുൺ സാഗറിനെതിരേ ട്വീറ്റ് ചെയ്ത സംഗീതസംവിധായകൻ വിശാൽ ദാഡ്ലാനിക്കെതിരേ പോലീസ് കേസ്. ട്വിറ്റർസന്ദേശം വഴി സന്യാസിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അംബാല കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സമാനമായ അഭിപ്രായം രേഖപ്പെടുത്തിയ തഹ്സീൻ പൂനവാല എന്ന കോൺഗ്രസ് പ്രവർത്തകനെതിരേയും കേസുണ്ട്. പുനിത് അറോറയെന്ന വ്യക്‌തി നൽകിയ പരാതിയിലാണ് നടപടി.

ദാഡ്ലാനിയെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടു ജൈനമതവിശ്വാസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ സന്യാസിയുമായി ഡൽഹി പൊതുമരാമത്ത് മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജയിൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കുറ്റംചെയ്തവരോടു തരുൺ സാഗർ പൊറുത്തുവെന്നും അതിനാൽ പ്രശ്നം രാഷ്ട്രീവത്കരിക്കരുതെന്നും മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്റർ പരാമർശത്തിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും നിലപാടെടുത്തിരുന്നു. ഇതേത്തുടർന്ന് ആം ആദ്മി അനുഭാവിയായ ദാൽഡാനി പരാമർശം പിൻവലിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.