രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം കാഷ്മീരിലേക്ക്
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം കാഷ്മീരിലേക്ക്
Monday, August 29, 2016 11:34 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സെപ്റ്റംബർ നാലിനു കാഷ്മീർ സന്ദർശിക്കും. കാഷ്മീരിൽ ഇനിയും അസ്വസ്‌ഥതകൾ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ സർവകക്ഷിസംഘം എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നാണു പ്രതീക്ഷ.

കാഷ്മീർ സന്ദർശനവേളയിൽ ഏതൊക്കെ വിഭാഗങ്ങളുമായി ചർച്ച നടത്തണമെന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ മന്ത്രി രാജ് നാഥ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റലി, ജിതേന്ദ്ര സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സംഘത്തിൽ ഉൾപ്പെടുത്തേണ്ട വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, വ്യക്‌തിഗതമായി ചർച്ചകൾ നടത്തേണ്ടവർ, സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ ധാരണയുണ്ടാക്കിയതായാണു വിവരം. സമാധാനം പുനഃസ്‌ഥാപിക്കുന്നതിനായി വിഘടനവാദികളെക്കൂടി കേന്ദ്രം ചർച്ചയിൽ ഉൾപ്പെടുത്തും.


പ്രക്ഷോഭകലുഷിതമായ കാഷ്മീരിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കുമെന്നു രാജ്നാഥ് സിംഗ് കാഷ്മീർ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി മെഹ്ബൂബ മുക്‌തിയുമായി ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. പെല്ലറ്റ് തോക്ക് ഉപയോഗം അവസാനിപ്പിക്കുമെന്നും കാഷ്മീരി യുവാക്കൾക്ക് ജോലി നൽകുമെന്നുമാണു രാജ്നാഥ് സിംഗ് കഴിഞ്ഞയാഴ്ച വ്യക്‌തമാക്കിയത്. സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.