രാഷ്ട്രപതിഭവനിലെ ഓണാഘോഷത്തിനു സോണിയ എത്തില്ല
രാഷ്ട്രപതിഭവനിലെ ഓണാഘോഷത്തിനു സോണിയ എത്തില്ല
Tuesday, August 30, 2016 12:19 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ സംസ്‌ഥാന സർക്കാർ നടത്തുന്ന ഓണാഘോഷത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കില്ല. ചടങ്ങിലേക്കു ക്ഷണിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ സോണിയയ്ക്കു കത്തെഴുതിയിരുന്നു. ഈ കത്തിനു നൽകിയ മറുപടിയിൽ ആഘോഷത്തിൽ പങ്കെടുക്കാനാകില്ലെന്നാണു സോണിയ വ്യക്‌തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് അയച്ച മറുപടിക്കത്തിൽ എല്ലാ മലയാളികൾക്കും സോണിയ സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിച്ചു. ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. ഓരോ കേരളീയന്റെയും ഉത്സാഹം ഉയർത്തുകയും, നാവിനും കണ്ണുകൾക്കും ഒരേസമയം സദ്യ ഒരുക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. അത്തരത്തിലുള്ള ഉത്സവം സമൃദ്ധിയും സമാധാനവും അഭിവൃദ്ധിയും ചൊരിയുന്നതാകട്ടെയെന്നും സോണിയ ഗാന്ധി ആശംസിച്ചു.


ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രചാരണത്തിനിടെ തോളെല്ലിനു പരിക്കേറ്റ സോണിയഗാന്ധി ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ്. ആരോഗ്യ കാരണങ്ങളാലാണു പരിപാടിയിൽ സോണിയയ്ക്കു പങ്കെടുക്കാൻ കഴിയാത്തതെന്നാണു വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.