ചികിത്സ നിഷേധിച്ചു; പിതാവിന്റെ തോളിൽ 12 വയസുകാരനു ദാരുണാന്ത്യം
ചികിത്സ നിഷേധിച്ചു; പിതാവിന്റെ തോളിൽ 12 വയസുകാരനു ദാരുണാന്ത്യം
Tuesday, August 30, 2016 12:56 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ആശുപത്രികൾ മാറിമാറി കയറുന്നതിനിടെ പിതാവിന്റെ തോളിൽ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണു മനുഷ്യത്വമില്ലായ്മയുടെ ഫലമായി ദുരന്തം അരങ്ങേറിയത്. കടുത്ത പനിയെത്തുടർന്ന് പ്രാദേശിക ആരോഗ്യ സെന്ററിൽ നിന്നയച്ച ബാലനു ചികിത്സ നൽകാതെ ഗണേശ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജിന്റെ അനുബന്ധ സ്‌ഥാപനമായ ലാലാ ലജ്പത് റായി കുട്ടികളുടെ ആശുപത്രിയിലേക്കു പറഞ്ഞയക്കുകയായിരുന്നു. 250 മീറ്റർ അകലെയുള്ള മെഡിക്കൽ സെന്ററിലേക്ക് കാൽനടയായി എത്തിക്കുമ്പോഴേക്കും അതീവ ഗുരുതരാവസ്‌ഥയിലായിരുന്ന അൻഷ് അച്ഛന്റെ തോളിൽ കിടന്ന് മരിച്ചിരുന്നു.

കടുത്ത പനിയായിരുന്ന അൻഷിനെ വീടിനടുത്തുള്ള ക്ലിനിക്കിലെ ചികിത്സ കൊണ്ടു ഫലമുണ്ടാകാതെ വന്നതിനെ തുടർന്നാണ് ഞായറാഴ്ച മെഡിക്കൽ കോളജിന്റെ പ്രധാന എമർജൻസി കേന്ദ്രത്തിലെത്തിച്ചത്. എന്നാൽ, ആരോഗ്യസ്‌ഥിതി നോക്കാതെ കുട്ടികളെ ചികിത്സിക്കുന്ന അനുബന്ധ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നെന്ന് അച്ഛൻ സുനിൽ കുമാർ പറയുന്നു. മകനെ വേഗത്തിൽ പരിശോധിച്ച് ചികിത്സ നൽകണമെന്ന് ഡോക്ടർമാരോട് യാചിച്ചു. അരമണിക്കൂറിനു ശേഷമാണ് അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നു പോലും അവർ പറഞ്ഞത്.


കുട്ടിയെ കൊണ്ടുപോകുന്നതിന് ആംബുലൻസും സ്ട്രെച്ചറും ഒന്നും നൽകാത്തതിനാലാണ് താൻ ചുമലിലേറ്റി അകലെയുള്ള കേന്ദ്രത്തിലേക്കു ഓടിയത്. പത്ത് മിനിറ്റിനു മുമ്പ് എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതെന്നും സുനിൽ കുമാർ പറഞ്ഞു. മകന്റെ മൃതദേഹം വീട്ടിൽകൊണ്ടുപോകാനും സുനിലിനെ ആരും സഹായിച്ചില്ല. മൃതദേഹം തോളിലേറ്റിയാണ് സുനിൽ വീട്ടിലേക്കു പോയത്.

അതേസമയം, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണു മെഡിക്കൽ കോളജ് അധികൃതരുടെ വാദം. സംഭവത്തെ ക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും സംഭവം യഥാർഥമാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും ജിഎസ്വിഎം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നവനീത് കുമാർ അറിയിച്ചു.

സംഭവം വാർത്തയായതോടെ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കാൺപൂർ ജില്ലാ മജിസ്ട്രേറ്റും ഉത്തർപ്രദേശ് ശിശുക്ഷേമ സമിതിയുമാണ് അന്വേഷണം നടത്തുക. ഇതേത്തുടർന്ന് ചികിത്സ നിഷേധിച്ച ജിഎസ്വിഎം മെഡിക്കൽ കോളജിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഉത്തർപ്രദേശ് ശിശുക്ഷേമ കമ്മീഷന്റെ മൂന്നംഗ അന്വേഷണ സമിതി, ആശുപത്രിയിലെത്തി തെളിവെടുപ്പു നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.