വിവാഹാഭ്യർഥന നിരസിച്ച സ്കൂൾ അധ്യാപികയെ പള്ളിക്കകത്ത് വെട്ടിക്കൊന്നു; പ്രതി തൂങ്ങിമരിച്ചു
Wednesday, August 31, 2016 12:01 PM IST
തൂത്തുക്കുടി: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ തമിഴ്നാട്ടിലെ തൂത്തുക്കുടി പട്ടണത്തിൽ സ്കൂൾ അധ്യാപികയെ യുവാവ് പള്ളിക്കകത്തുവച്ച് വെട്ടിക്കൊന്നു.

പ്രതി പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചു. ജെ. കീഗൻ ജോസ് ഗോമസ്(27) എന്നയാൾ ഇന്നലെ രാവിലെയാണ് അധ്യാപികയായ ഫ്രാൻസിന(24)യെ കൊലപ്പെടുത്തിയത്.

കീഗന്റെ വിവാഹാഭ്യർഥന ഫ്രാൻസീന നിരസിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്. മറ്റൊരാളുമായി ഫ്രാൻസീനയുടെ വിവാഹം സെപ്റ്റംബർ എട്ടിനു നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ അധ്യാപക ജോലി രാജിവച്ച ഫ്രാൻസീന, ശാന്തായ് റോഡിലെ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പ്രാർഥിക്കാനെത്തി. അവിടെയെത്തിയ കീഗൻ അരിവാളുകൊണ്ട് ഫ്രാൻസീനയെ തലങ്ങും വിലങ്ങും വെട്ടിയശേഷം രക്ഷപ്പെട്ടു. തലയ്ക്കും നെഞ്ചിനും മാരകമായ മുറിവുകളേറ്റ ഫ്രാൻസീനയെ തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.


സംഭവസ്‌ഥലത്തെത്തിയ പോലീസ് സംഘം പള്ളിയിലെ സിസിടിവി കാമറകൾ പരിശോധധിച്ചപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു. തൂത്തുക്കുടി ടൗണിലെ മാരാക്കുടി സ്ട്രീറ്റിലെ വീട്ടിൽ പ്രതി കീഗനെ തേടി പോലീസ് എത്തിയപ്പോൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.