കാഷ്മീരിൽ പതിനഞ്ചുകാരൻ വെടിയേറ്റു മരിച്ചു, പിഡിപി എംപിയുടെ വീടിനു തീവച്ചു
Wednesday, August 31, 2016 12:31 PM IST
ശ്രീനഗർ: ജമ്മു–കാഷ്മീരിലെ കലാപമേഖലയിൽ അമ്പതിലേറെ ദിവസങ്ങളായി തുടരുന്ന കർഫ്യു പിൻവലിച്ചതോടെ കലാപകാരികൾ വീണ്ടും തെരുവിലിറങ്ങി. പ്രതിഷേധറാലികളും സുരക്ഷാസേനയ്ക്കുനേരെയുള്ള കല്ലേറുകളും പലയിടത്തുമുണ്ട്. പിഡിപി നേതാവും രാജ്യസഭാംഗവുമായ നസീർ ലാവോയുടെ വീടിന് ജനക്കൂട്ടം തീയിടുകയും ചെയ്തു. ബാരാമുള്ളയിലെ സാപോറിൽ രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിൽ പതിനഞ്ചുകാരൻ കൊല്ലപ്പെടുകയും ചെയ്തു. കാഷ്മീർ താഴ്വരയിലെ മുഴുവൻ പ്രദേശങ്ങളിൽനിന്നു കർഫ്യു പിൻവലിച്ചുവെങ്കിലും ക്രമസമാധാനപാലനം മുൻനിർത്തി 144 തുടരുന്നുണ്ട്. എങ്കിലും കലാപകാരികൾ സംഘംചേർന്ന് തെരുവിലിറങ്ങുകയായിരുന്നു.

തെക്കൻകാഷ്മീരിലെ കുൽഗാമിൽ ചാവൽഗാമിലുള്ള പിഡിപി എംപി നസീർ ലാവോയുടെ വസതിയാണ് ജനക്കൂട്ടം ആക്രമിച്ചത്. തൊട്ടടുത്ത സ്‌ഥലത്ത് ഒന്നിച്ചുകൂടിയ അക്രമിസംഘം നാശനഷ്‌ടങ്ങൾ വരുത്തിയശേഷം വീടിനു തീവയ്ക്കുകയായിരുന്നു. ആക്രമണസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച പിഡിപി എംഎൽഎ മുഹമ്മദ് യൂസഫ് ഭട്ടിന്റെയും പിഡിപി വക്‌താവും വിദ്യാഭ്യാസമന്ത്രിയുമായ നയീം അക്‌തറിന്റെയും വസതിക്കുനേരെ ആക്രമണം നടന്നിരുന്നു.


കലാപം ശക്‌തിയാർജിക്കുന്ന ബാരാമുള്ളയിലെ സോപോറിലാണ് ഡാനിഷ് മൻസൂർ എന്ന 15 കാരൻ കൊല്ലപ്പെട്ടത്. ലൊദോര മേഖലയിൽ കല്ലേറു നടത്തിയ സംഘത്തിൽ ഈ കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പോലീസ് വെടിവയ്പിൽ ആറുപേർക്കു പരിക്കേറ്റു. ഇവരെ ഉടൻ സോപോറിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഡാനിഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

കലാപം ശക്‌തമായതോടെ സുരക്ഷാസേനയുടെയും സംസ്‌ഥാന പോലീസിന്റെയും വലിയൊരു വ്യൂഹം ശ്രീനഗറിൽ തമ്പടിച്ചിരിക്കുകയാണ്. നൗഹാത്ത, എംആർ ഗഞ്ച്, ഡൗൺടൗൺ എന്നിവിടങ്ങളിൽ മാത്രമായിരുന്നു കർഫ്യൂ നിലനിന്നിരുന്നത്. ഇന്നലെ ഇതും പിൻവലിക്കുകയായിരുന്നു. ജൂലൈ എട്ടിന് ഹിസ്ബുൾ മുജാഹിദിൻ നേതാവ് ബുർഹൻ വാനി സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചതിനെത്തുടർന്നാണ് താഴ്വരയിൽ സംഘർഷം തുടങ്ങിയത്. കലാപത്തിൽ ഇതുവരെ 69 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടു പോലീസുകാരും ഉൾപ്പെടും. സൈനികരുൾപ്പെടെ 4500 പേർക്കാണ് പരിക്കേറ്റത്.

പെല്ലെറ്റ് പതിച്ച് നൂറുകണക്കിനുപേർക്കു കണ്ണിനു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.