ജിഎസ്ടി: ഏകപക്ഷീയ നിലപാടിൽ കേരളത്തിന് അതൃപ്തി
ജിഎസ്ടി: ഏകപക്ഷീയ നിലപാടിൽ കേരളത്തിന് അതൃപ്തി
Thursday, September 22, 2016 1:10 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ജിഎസ്ടി കൗൺസിലിന്റെ ഏകപക്ഷീയ നിലപാടുകളിൽ കേരളത്തിന് അതൃപ്തി. ജിഎസ്ടി നിയമം രൂപീകരിക്കുന്നതിനായി പ്രവർത്തിച്ച സംസ്‌ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണു കേന്ദ്ര സർക്കാർ കൗൺസിലുമായി മുന്നോട്ടു പോകുന്നതെന്നും പകുതിയിലേറെ സംസ്‌ഥാനങ്ങളുടെ അനുമതി ഭരണഘടനാ ഭേദഗതി ബില്ലിനു കിട്ടിയ ശേഷം കേന്ദ്ര സർക്കാരിന്റെ മട്ടും ഭാവവും മാറിയെന്നും സംസ്‌ഥാനങ്ങളെ രണ്ടാംതരക്കാരെപ്പോലെയാണ് കാണുന്നതെന്നും ധനമന്ത്രി തോമസ് ഐസക് യോഗത്തെ അറിയിച്ചു. ഉന്നതാധികാര സമിതിയുടെ ചെയർമാനെ ജിഎസ്ടി കൗൺസിലിന്റെ വൈസ് ചെയർമാനാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ജിഎസ്ടി കൗൺസിലിന്റെ ആദ്യ യോഗത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്ന വിമർശനം തോമസ് ഐസക് പരസ്യമായി ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ പെരുമാറ്റത്തിൽ ഇതുപോലൊരു ഭാവമാറ്റം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. ജിഎസ്ടി നികുതി നിരക്കു നിർണയിക്കാനും മറ്റും ചുമതലയുള്ള കൗൺസിലിൽ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ പിന്തുണയോടെ കേന്ദ്രത്തിന് എന്തുമാകാമെന്ന സ്‌ഥിതിയാണുള്ളത്. കാര്യങ്ങൾ തീരുമാനിക്കുന്നതിന് സമവായത്തിന്റെ രീതിയില്ല.

ഇപ്പോൾ കൗൺസിൽ വിളിച്ചു കൂട്ടിയതു തിടുക്കത്തിലാണ്. സംസ്‌ഥാന ധനമന്ത്രിമാർക്ക് മറ്റാരെയും പകരക്കാരനായി അയയ്ക്കാൻ പറ്റില്ല. മന്ത്രി ഇല്ലെങ്കിൽ ഉദ്യോഗസ്‌ഥർക്കും പ്രവേശനം നൽകുന്നില്ല. ഓരോ മന്ത്രിയും എവിടെ ഇരിക്കണമെന്ന് ചെയർമാനായ കേന്ദ്രധനമന്ത്രി തീരുമാനിക്കും. സീറ്റിൽ ഇരിക്കുന്നതിനു മുമ്പ് ഹാജർ വയ്ക്കണമെന്ന നിബന്ധനയും വെച്ചിട്ടുണ്ട്. ജിഎസ്ടി കൗൺസിലിന്റെ നടപടിക്രമങ്ങൾ നിശ്ചയിക്കാനാണ് രണ്ടു ദിവസത്തെ യോഗം വിളിച്ചിരിക്കുന്നത്. നികുതി നിരക്കു പോലുള്ള വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ല. കേന്ദ്രം നിശ്ചയിച്ചു നൽകുന്ന നടപടിക്രമങ്ങൾ സംസ്‌ഥാനങ്ങൾ അനുസരിച്ചു കൊള്ളണമെന്ന സ്‌ഥിതി അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.


രണ്ടു പതിറ്റാണ്ടായി ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ജിഎസ്ടി നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്നു. ഒരിക്കൽപ്പോലും സീറ്റിന് തർക്കമുണ്ടായിട്ടില്ല. ഹാജരിെൻറ പ്രശ്നവുമില്ല. സംസ്‌ഥാനത്തിന്റെ ധനമന്ത്രിമാരോടാണ് കേന്ദ്രം ഇങ്ങനെ പെരുമാറുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനാൽ സംസ്‌ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി നിർബന്ധമായും തുടരണം. ഇക്കാര്യം കഴിഞ്ഞ യോഗത്തിൽ താൻ ചൂണ്ടിക്കാണിച്ചപ്പോൾ ആരും എതിർത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ കേന്ദ്രസർക്കാർ ഇതു പരിഗണിക്കുന്നതു പോലുമില്ലെന്നും തോമസ് ഐസക് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.