കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഉടൻ മാറ്റും
കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഉടൻ മാറ്റും
Thursday, September 22, 2016 1:10 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന്റെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും വൈകാതെ മാറ്റാൻ തീരുമാനം. പുതിയ ഡിസിസി പ്രസിഡന്റുമാരായി ചെറുപ്പക്കാർക്കു കാര്യമായ പ്രാമുഖ്യം നൽകാനും ഹൈക്കമാൻഡ് നിർദേശിക്കും. കെപിസിസി പുനഃസംഘടനയ്ക്കും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനും എഐസിസി മാനദണ്ഡം നിശ്ചയിക്കും.

ഡിസിസി പ്രസിഡന്റ് നിയമനം അടക്കമുള്ള കെപിസിസി പുനഃസംഘടന അടക്കമുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള ചർച്ചകൾക്കായി സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. രണ്ടോ, മൂന്നോ ദിവസം കേരളത്തിൽ തങ്ങുന്ന ഹൈക്കമാൻഡ് പ്രതിനിധി സംസ്‌ഥാനത്തെ എല്ലാ നേതാക്കളുമായും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും വിശദമായ ചർച്ച നടത്തും. കേരളത്തിലെ രാഷ്ട്രീയകാര്യ സമിതിയുടെ അഭിപ്രായങ്ങൾക്കു മുൻതൂക്കം നൽകും. എന്നാൽ ഗ്രൂപ്പു നോമിനേഷൻ അനുവദിക്കില്ല.

കേരളത്തിലെ കാര്യം ശനിയാഴ്ച ചേരുന്ന എഐസിസി രാഷ്ട്രീയകാര്യ സമിതിയിലും ചർച്ചയായേക്കും. കാഷ്മീർ, പാക്കിസ്‌ഥാൻ പ്രശ്നങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കാര്യങ്ങളുമാകും പ്രധാന ചർച്ച. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരു വർഷം മുമ്പെങ്കിലും പാർട്ടിയെ മറ്റു സംസ്‌ഥാനങ്ങളിലും സജ്‌ജമാക്കാനാണു രാഹുൽ ക്യാമ്പിന്റെ ലക്ഷ്യം.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അഴിച്ചുപണി അടക്കമുള്ള കാര്യങ്ങളെക്കുറിച്ചു മുതിർന്ന നേതാവ് പ്രഫ. കെ.വി. തോമസുമായി മുകുൾ വാസ്നിക് ഇന്നലെ വിശദമായ ചർച്ച നടത്തി. എഐസിസി ആസ്‌ഥാനത്തു നടന്ന ചർച്ച ഒരു മണിക്കൂർ നീണ്ടു. സംസ്‌ഥാനത്തെ പാർട്ടിയെ ഒന്നായി കൊണ്ടുപോകുകയാണു പ്രധാനമെന്നും ഉമ്മൻ ചാണ്ടിയും രമേശും അടക്കമുള്ള നേതാക്കളെക്കൂടി വിശ്വാസത്തിലെടുക്കേണ്ടത് അനിവാര്യമാണെന്നു തോമസ് ചൂണ്ടിക്കാട്ടിയതായാണു സൂചന.

കേരളത്തിലെത്തി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം സ്വരൂപിച്ചശേഷം മുകുൾ വാസ്നിക് ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും റിപ്പോർട്ടു നൽകും. ഇതിനു ശേഷമേ കേരളകാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ഒരിക്കൽ കൂടി ആശയവിനിമയം നടത്തിയാകും രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കുക. ആവശ്യമെങ്കിൽ മൂന്നു നേതാക്കളെയും വീണ്ടും ഡൽഹിക്കു വിളിപ്പിച്ചേക്കും.


എന്തായാലും പത്തു വർഷത്തിലേറെയായി തുടരുന്ന ഡിസിസി പ്രസിഡന്റുമാരെ മാറ്റി യുവനേതൃത്വത്തെ ചുമതലയേൽപിക്കണമെന്നും ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നിയമനം നടത്തരുതെന്നുമാണ് രാഹുലിന്റെ കർശന നിർദേശം. രാഷ്ട്രീയ പരിചയവും പ്രവർത്തന മികവും ആയിരിക്കണം പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പ്രധാന പരിഗണനെയെന്നും എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് നോമിനികളെ ഒരുകാരണവശാലും പരിഗണിക്കേണ്ടതില്ലെന്നതാണു രാഹുലിന്റെ പൊതുനിലപാട്.

കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ മാറണമെന്ന എ,ഐ വിഭാഗങ്ങളുടെ ആവശ്യത്തിന്മേലുള്ള ചർച്ചകളും അടുത്തയാഴ്ച നടക്കും. ഗ്രൂപ്പിസം അനുവദിക്കാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ കർശന നിലപാടും നേതൃമാറ്റത്തിനു തടസമാകുന്നുണ്ട്. പ്രതിപക്ഷ നേതാവായി രമേശ് ഉള്ളതിനാൽ ഇതര വിഭാഗത്തിൽ നിന്നായിരിക്കും പിസിസി അധ്യക്ഷനാകുക. സുധീരനെ മാറ്റണമെന്ന നിലപാടിനോടു എ.കെ. ആന്റണി അടക്കമുള്ള ഹൈക്കമാൻഡ് ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. എന്നാൽ, സംസ്‌ഥാനത്തെ എല്ലാ വിഭാഗം നേതാക്കളെയും ചേർത്തു നയിക്കാനും പാർട്ടിയുടെ ടെലിവിഷൻ ചാനലും പത്രവും നടത്തിക്കൊണ്ടുപോകാനും കഴിയുന്ന പൊതുസ്വീകാര്യനായ നേതാവാകണം പിസിസി പ്രസിഡന്റ് എന്ന വാദത്തോടു ഹൈക്കമാൻഡിനും യോജിപ്പാണ്. പ്രവർത്തന പരിചയവും മികവും പൊതുസ്വീകാര്യതയും പ്രതിച്ഛായയും സമുദായ പരിഗണനയും പ്രായവും എല്ലാം പിസിസി പുനഃസംഘടനയിലും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും പരിഗണിക്കപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.