കോടതികളിലെ മാധ്യമവിലക്ക് നീക്കണം: ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്
കോടതികളിലെ മാധ്യമവിലക്ക് നീക്കണം: ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്
Thursday, September 22, 2016 1:10 PM IST
ന്യൂഡൽഹി: കേരളത്തിലെ ഹൈക്കോടതി അടക്കമുള്ള കോടതികളിലെ മാധ്യമവിലക്ക് നീക്കണമെന്നും ആക്രമണഭീതിയില്ലാതെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എം. ശാന്തനഗൗഡർക്കു കത്ത് നല്കി. ഐപിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ബാർബറ ട്രയോംഫി യാണു കത്ത് നല്കിയത്. കത്തിന്റെ പകർപ്പ് മുഖ്യമന്ത്രി പിണറായി വിജയനും നല്കിയിട്ടുണ്ട്.

കേരളത്തിലെ കോടതികളിൽ മാധ്യമപ്രവർത്തകർക്കു വിലക്ക് നീക്കി ആക്രമണഭീതിയില്ലാതെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് ആദരപൂർവം അഭ്യർഥിക്കുകയാണെന്നു കത്തിൽ പറയുന്നു. കൊച്ചിയിൽ മാധ്യമപ്രവർത്തകർക്കെതിരേ അഭിഭാഷകർ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടും മാധ്യമവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടും ജൂലൈ 27ന് ഐപിഐ പ്രസ്താവനയിറക്കിയിരുന്നു. ദൗർഭാഗ്യവശാൽ, സ്‌ഥിതിഗതികളിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നു മനസിലാക്കുന്നു. കേരളത്തിലെ വിവിധ കോടതികളിൽ മാധ്യമപ്രവർത്തകർക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്.


പബ്ലിക് റിലേഷൻസ് ഓഫീസർമാരുടെ സഹായത്തോടെയാണു മാധ്യമപ്രവർത്തകർ ഹൈക്കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു ബദലാകാൻ അതിനു കഴിയില്ല. സ്വതന്ത്ര ജുഡീഷറിയും സ്വതന്ത്ര മാധ്യമപ്രവർത്തനവും ജനാധിപത്യത്തിന്റെ സുപ്രധാന ഘടകങ്ങളാണ്: ‘ട്രയോംഫി കത്തിൽ വ്യക്‌തമാക്കുന്നു.

ജൂലൈ 20നാണ് കൊച്ചിയിലെ ഹൈക്കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്കു നേരേ ഒരു സംഘം അഭിഭാഷകർ ആക്രമണം അഴിച്ചുവിട്ടത്. നിരവധി മാധ്യമപ്രവർത്തകർക്കു പരിക്കേറ്റിരുന്നു.

എഡിറ്റർമാരും റിപ്പോർട്ടർമാരും ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്. 1950ൽ ഓസ്ട്രിയയിലെ വിയന്ന ആസ്‌ഥാനമാക്കിയാണ് ഐപിഐ പ്രവർത്തമാരംഭിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന സംഘടനയിൽ 120 രാജ്യങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.