മോദിയെ പരിഹസിച്ച് ശിവസേന; ഇപ്പോൾ പാക് പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവെന്ന്
മോദിയെ പരിഹസിച്ച് ശിവസേന; ഇപ്പോൾ പാക് പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവെന്ന്
Monday, September 26, 2016 4:07 AM IST
മുംബൈ: ഉറി ഭീകരാക്രമണത്തിനുശേഷം പാക്കിസ്‌ഥാനെതിരേ ഇന്ത്യ നടത്തുന്ന നീക്കങ്ങൾ പൂർണപരാജയമാണെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. അയൽരാജ്യത്തെ പ്രധാനമന്ത്രിയായ നവാസ് ഷരീഫിനാണ് ഇപ്പോൾ 56 ഇഞ്ച് നെഞ്ചളവെന്നും സേന പരിസഹിച്ചു. ലോകനേതാക്കളുടെ അധരവ്യായാമമൊഴിച്ചാൽ ഇന്ത്യ കൂടുതൽ ഒറ്റപ്പെടുകയായിരുന്നുവെന്നും ശിവസേനയുടെ മുഖപത്രമായ സാംന കുറ്റപ്പെടുത്തി.

ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെല്ലാം പരാജയമാണ്. ഉറി ആക്രമണത്തിൽ യഥാർഥത്തിൽ ഒരു രാജ്യത്തുനിന്നും ഇന്ത്യക്കു പിന്തുണ ലഭിച്ചില്ല. പാക്കിസ്‌ഥാനുമൊത്തുള്ള സൈനികാഭ്യാസം റഷ്യ അവസാനിപ്പിച്ചില്ല. ഭീകരാക്രമണത്തെ ചൈന അപലപിച്ചതേയില്ല. ഇന്തോനേഷ്യവരെ പാക്കിസ്‌ഥാനു പ്രതിരോധസംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇസ്ലാമിക സംഘടനകൾ പാക്കിസ്‌ഥാനെ പരസ്യമായി പിന്തുണയ്ക്കുകയാണ്. നേപ്പാൾപോലും പാക്കിസ്‌ഥാനുമായി നല്ലബന്ധം ആഗ്രഹിക്കുന്നു. 1971 ൽ ബംഗ്ലാദേശുമായുള്ള യുദ്ധത്തിൽ ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കാനായി റഷ്യ സൈന്യത്തെ അയച്ചുതന്നു. ഇക്കാലത്ത് അത്തരം സൗഹൃദം നമുക്കുകാണാനാവില്ലെന്നും മുഖപത്രം പറയുന്നു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിൽ നടന്ന റാലിയിലാണ് രാജ്യത്തിന്റെ പ്രശ്നങ്ങൾ തന്റെ 56 ഇഞ്ച് നെഞ്ചളവുകൊണ്ടു പരിഹരിക്കാൻ കഴിയുമെന്നു മോദി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.