പ്രജാപതിയെ ഉൾപ്പെടുത്തി അഖിലേഷ് മന്ത്രിസഭ വികസിപ്പിച്ചു
പ്രജാപതിയെ ഉൾപ്പെടുത്തി അഖിലേഷ് മന്ത്രിസഭ വികസിപ്പിച്ചു
Monday, September 26, 2016 11:36 AM IST
ലക്നോ: അഴിമതിയാരോപണവിധേയനായ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയെ ഉൾപ്പെടുത്തി ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് മന്ത്രിസഭ വികസിപ്പിച്ചു. 32 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒൻപതു പേരും 19 സഹമന്ത്രിമാരുമാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് മന്ത്രിസഭ വികസിപ്പിച്ചത്. 2012 ൽ അധികാരമേറ്റതിനുശേഷമുള്ള എട്ടാമത്തെ മന്ത്രിസഭാ വികസനമാണിത്.

സത്യപ്രതിജ്‌ഞ ചെയ്ത് 48 മണിക്കൂർ തികയുംമുമ്പേ നൂതൻ ഠാക്കുർ എന്ന സാമൂഹിക പ്രവർത്തക പ്രജാപതിക്കെതിരേ ഗവർണർക്കു പരാതി നല്കി. അഴിമതിക്കേസിൽ അലഹാബാദ് ഹൈക്കോടതി പ്രജാപതിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്നായിരുന്നു രാജി.

പ്രജാപതിയെക്കൂടാതെ മനോജ് പാണ്ഡെ, ശിവകാന്ത് ഓജ, സിയാവുദീൻ റിസ്വി എന്നിവർ ഇന്നലെ ഗവർണർ രാം നായിക്കിനുമുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തു. മന്ത്രിസഭ വികസിപ്പിച്ച ജൂണിൽ വിദേശത്തായിരുന്നതിനാൽ റിസ്വിക്ക് സത്യപ്രതിജ്‌ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്വതന്ത്ര ചുമതല വഹിച്ചിരുന്ന റിയാസ് അഹമ്മദ്, യാസിർ ഷാ, രവിദാസ് മൽഹോത്ര, സഹമന്ത്രിമാരായ അഭിഷേക് മിശ്ര, നരേന്ദ്ര വർമ, ശംഖ്ലാൽ മാജി എന്നിവർക്കു കാബിനറ്റ് റാങ്ക് നല്കി.


അതേസമയം, പ്രജാപതിക്കൊപ്പം മന്ത്രിസ്‌ഥാനം നഷ്‌ടമായ രാജ്കിഷോർ സിംഗിനെ മന്ത്രിസഭയിൽ തിരിച്ചെടുത്തില്ല. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണു രണ്ടാഴ്ച മുമ്പ് ഇരുവരെയും അഖിലേഷ് പുറത്താക്കിയത്. പാർട്ടി അധ്യക്ഷൻ മുലായം സിംഗാണ് ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പ്രജാപതിയെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. മുലായത്തിന്റെയും അഖിലേഷിന്റെയും പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് പ്രജാപതി സത്യപ്രതിജ്‌ഞാവേദിയിലേക്കു കയറിയത്.

2013ൽ ജലസേചന വകുപ്പു ലഭിച്ച പ്രജാപതിക്ക് അഖിലേഷാണ് ഖനിവകുപ്പിന്റെ ചുമതലകൂടി നല്കിയത്. 2014ൽ കാബിനറ്റ് മന്ത്രിയുടെ പദവിയും നല്കി. എന്നാൽ, പ്രജാപതിയെ തിരിച്ചെടുത്ത അഖിലേഷിന്റെ നടപടിക്കെതിരേ ബിഎസ്പി, ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനാണ് സംസ്‌ഥാനം ഇനി വേദിയാവുക.

സമ്മർദങ്ങൾക്കു വഴങ്ങി മന്ത്രിസഭാ തീരുമാനത്തിൽനിന്നു മലക്കംമറിഞ്ഞ അഖിലേഷ് ദുർബലനായ മുഖ്യമന്ത്രിയാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.