നയതന്ത്രപരിഹാരം തേടണം: മാർ ഭരണികുളങ്ങര
നയതന്ത്രപരിഹാരം തേടണം: മാർ ഭരണികുളങ്ങര
Tuesday, September 27, 2016 12:37 PM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്‌ഥാൻ പ്രശ്നത്തിൽ നയതന്ത്രപരമായ പരിഹാരത്തിന് എല്ലാവരും പരിശ്ര മിക്കണമെന്ന് ഡൽഹി ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര.

കാൻസർ പോലെ ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന വിപത്താണു തീവ്രവാദം. അതിനെ വിവേകത്തോടെയും നയതന്ത്രപരമായും ആണു നേരിടേണ്ടതെന്നും ഐക്യരാഷ്ട്രസഭയിലെ മുൻനയതന്ത്രജ്‌ഞൻ കൂടിയായ ആർച്ച്ബിഷപ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിവേകവും പൊതുനന്മയും പ്രതികാരത്തെയും വികാരത്തെയും അതീജീവിക്കേണ്ട സമയമാണിത്.

സമാധാനത്തിനും അയൽരാജ്യങ്ങളുമായി സൗഹൃദം നിലനിൽക്കുന്നതിനും ഫരീദാബാദ് രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും അടുത്തമാസം 16നു പ്രാർഥനാ ദിനമായി ആചരിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ആലോചനയില്ലാത്ത നടപടികൾ യുദ്ധത്തിൽ കലാശിക്കും. ഒരു യുദ്ധം സമ്പദ്വ്യവസ്‌ഥ ഉൾപ്പെടെ രാജ്യത്തെ ഒരുപാടു വർഷം പിന്നോട്ടു കൊണ്ടുപോകുമെന്ന് ഇറാഖ് യുദ്ധ മേഖലയിൽ മൂന്നു വർഷം പ്രവർത്തിച്ചു പരിചയമുള്ള ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. തീവ്രവാദികൾക്കു നുഴഞ്ഞു കയറാനാകാത്ത വിധത്തിൽ അതിർത്തിയിൽ സുരക്ഷ ശക്‌തമാക്കണം. പത്താൻകോട്ടും ഗുർദാസ്പൂരും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആലസ്യത്തിലേക്കും സുരക്ഷാ വീഴ്ചകളിലേക്കുമാണു വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറയുന്നു.

സംവാദത്തിനപ്പുറം നയതന്ത്രത്തിന്റെ വഴിയാണ് ഇപ്പോൾ തേടേണ്ടത്. പ്രാദേശിക, ദേശീയ തലങ്ങളിൽ നയതന്ത്ര ശ്രമങ്ങളെക്കുറിച്ചു ബോധവത്കരിക്കണം. ഭീകരതയ്ക്കു പാക്കിസ്‌ഥാൻ ഒളിഞ്ഞും തെളിഞ്ഞും നൽകുന്ന പിന്തുണയ്ക്കക്കെതിരേ ആഗോളതലത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ശക്‌തി ഇന്ത്യക്കുണ്ട്. യുഎൻ പൊതുസഭയിൽ ഇന്ത്യ നൽകിയ മറുപടി ശക്‌തമാണ്. ഭാവിയിൽ പാക്കിസ്‌ഥാനെ അന്തർദേശീയമായി ഒറ്റപ്പെടുത്തുന്നതിനേക്കാൾ വലിയ ഒരായുധം വേറെയില്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടി.


ഉറിയിൽ ഉൾപ്പടെ രക്‌തസാക്ഷിത്വം വഹിച്ച ജവാൻമാരെ ആദരിക്കുന്നതിനൊപ്പം അവരുടെ കുടുംബത്തിനു പ്രാർഥനകളും അനുശോചനങ്ങളും അറിയിക്കുന്നതായി മാർ ഭരണികുളങ്ങര പറഞ്ഞു. ജവാന്മാരുടെ ത്യാഗം രാജ്യം എന്നും നന്ദിയോടെ ഓർമിക്കുമെന്നും അവരുടെ ആത്മശാന്തിക്കായി നടത്തുന്ന പ്രാർഥനകളിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കാഷ്മീരിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് എല്ലാ വിഭാഗങ്ങളുമായി ചർച്ചയ്ക്കു തയാറാകണം. കാഷ്മീർ വിഷയത്തിൽ രാഷ്ട്രീയ പരിഹാരമാണു വേണ്ടതെന്നും മാർ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്‌തമാക്കി. സമാധാനം നിലനിർത്തുന്നതിനായി കാഷ്മീരിൽ ഉൾപ്പടെ െരകെസ്തവ സന്നദ്ധ സംഘടനകൾ ബോധവത്കരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന സമയത്തേക്കാൾ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ദളിത് വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെ ശക്‌തമായി സഭ എതിർക്കും. വികസന പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ നല്ല പദ്ധതികളെ പിന്തുണയ്ക്കുമെന്നും ആർച്ച്ബിഷപ് വ്യക്‌തമാക്കി. ഫരീദാബാദ് രൂപത പ്രൊക്യുറേറ്റർ ഫാ. ഡേവിസ് കളിയത്ത്, പിആർഒ ഫാ. മാത്യു കിഴക്കേച്ചിറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.