രാഷ്ട്രീയ അഭയം: ബുഗ്തിക്കു മുന്നിൽ കടമ്പകളേറെ
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയ അഭയത്തിനായുള്ള ബലൂച് നേതാവ് ബ്രഹംദഗ് ബുഗ്തിയുടെ അപേക്ഷയിൽ സുരക്ഷാ ഏജൻസികൾ വിശദപരിശോധന നടത്തുന്നു. ഇതിനുശേഷം കേന്ദ്രമന്ത്രിസഭയായിരിക്കും അന്തിമതീരുമാനമെടുക്കുക. ബുഗ്തിയുടെ അപേക്ഷ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി സുരക്ഷാ ഏജൻസികൾക്കു കൈമാറിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗമായിരിക്കും അന്തിമതീരുമാനമെടുക്കുകയെന്നും മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

ജനീവയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കഴിഞ്ഞയാഴ്ചയാണു ബുഗ്തി അപേക്ഷ നൽകിയത്. കോൺസുലേറ്റ് ഇതു വിദേശകാര്യമന്ത്രാലയത്തിനു കൈമാറി.

രാഷ്ട്രീയ അഭയം ലഭിക്കുന്നതിനു ബുഗ്തിക്കു മുമ്പിൽ കടമ്പകളേറെയുണ്ട്. രാജ്യത്തിനു വിശദമായൊരു അഭയാർഥി നയം ഇല്ല എന്നതാണു പ്രധാനപ്രശ്നം. യുഎൻ കണക്കനുസരിച്ച് ഇന്ത്യയിൽ 6,480 അഭയാർഥികളാണുള്ളത്. കേന്ദ്ര സർക്കാരാകട്ടെ ഇത് അംഗീകരിക്കുന്നുമില്ല. ഈ വിഷയത്തിൽ കൃത്യമായ നിയമങ്ങളുമില്ല. ഈസാഹചര്യത്തിൽ 1959ൽ ടിബറ്റിന്റെ ആത്മീയനേതാവ് ദലൈലാമയ്ക്കും അനുയായികൾക്കും നെഹ്റു സർക്കാർ അഭയംനൽകിയതുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയാണ്. അഭയാർഥി എന്ന പദംപോലും നിയമവൃത്തങ്ങളിൽ പതിവില്ലാത്തതാണ്. അഭയാർഥികളുടെ പദവി സംബന്ധിച്ച് 1951ലെ യുഎൻ നിയമത്തിൽ ഇന്ത്യ ഒപ്പുവച്ചിട്ടുമില്ല.


ബലൂച് റപ്പബ്ലിക്കൻ പാർട്ടിയുടെ സ്‌ഥാപകനാണ് ബ്രഹംദഗ് ബുഗ്തി. 2006ൽ പാക്സൈന്യം വകവരുത്തിയ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയുടെ കൊച്ചുമകൻ. 2010ൽ അഫ്ഗാനിസ്‌ഥാൻ വഴിയാണ് ബ്രഹംദഗ് ബുഗ്തി ജനീവയിലേക്കു കടക്കുന്നത്. ഇതിനു ഇന്ത്യയുടെ സഹായമുണ്ടെന്നു പാക്കിസ്‌ഥാൻ ആരോപിക്കുന്നുമുണ്ട്.

അപേക്ഷ അംഗീകരിച്ചാൽ ബുഗ്തിക്ക് ദീർഘകാല ഇന്ത്യൻ വീസ ലഭിക്കും. ഓരോ വർഷവും ഇതു പുതുക്കണമെന്നുമാത്രം. ഇതേചട്ടത്തിലാണു ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിൻ 1994 മുതൽ ഇന്ത്യയിൽ താമസിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.