റിയാദ് മാത്യു പിടിഐ ചെയർമാൻ
റിയാദ് മാത്യു പിടിഐ ചെയർമാൻ
Wednesday, September 28, 2016 1:09 PM IST
ന്യൂഡൽഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) പുതിയ ചെയർമാനായി മലയാള മനോരമ ഡയറക്ടറും സീനിയർ അസിസ്റ്റന്റ് എഡിറ്ററുമായ റിയാദ് മാത്യുവിനെ തെരഞ്ഞെടുത്തു. നിലവിൽ വൈസ് ചെയർമാനായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് ചെയർമാനും എംഡിയുമായ വിവേക് ഗോയങ്കയാണു പുതിയ വൈസ് ചെയർമാൻ. കേരളത്തിൽ നിന്നു മാതൃഭൂമി എംഡിയും മുൻ പിടിഐ ചെയർമാനുമായ എം.പി. വീരേന്ദ്രകുമാറിനെയും ഭരണസമിതിയംഗമായി തെരഞ്ഞെടുത്തു.

ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ: എൻ. രവി (ദ ഹിന്ദു), ഹൊർമുസ്ജി എൻ.കാമ (ബോംബെ സമാജാർ), കെ.എൻ. ശാന്തകുമാർ (ഡെക്കാൻ ഹെറാൾഡ്), വിനീത് ജയിൻ (ടൈംസ് ഓഫ് ഇന്ത്യ), മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരൺ), അവീക് കുമാർ സർക്കാർ (ആനന്ദ് ബസാർ പത്രിക), വിജയ് കുമാർ ചോപ്ര ( ദ ഹിന്ദ് സമാചാർ), ആർ. ലക്ഷ്മിപതി (ദിനമലർ), രാജിവ് വർമ (ഹിന്ദുസ്‌ഥാൻ ടൈംസ്). സ്വതന്ത്രഡയറക്ടർമാർ: ജസ്റ്റീസ് ആർ.സി. ലഹോട്ടി, പ്രഫ.ദീപക് നയ്യാർ, ജിമ്മി എഫ്. പോച്കാനാവാല, ശ്യാം ശരൺ. പിടിഐ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു ഡൽഹിയിൽ നടന്ന ഭരണസമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.


കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന റിയാദ്, ദ വീക്ക് മാസികയുടെ ചുമതല വഹിക്കുന്നു. മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മകനാണ്. മീഡിയ റിസർച്ച് യൂസേഴ്സ് കൗൺസിൽ ഭരണസമിതിയംഗവുമാണ്. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽനിന്നു പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ട്.

ദ വാഷിംഗ്ടൺ പോസ്റ്റ്, ദ് വാഷിംഗ്ടൺ ടൈംസ്, ക്യാപ്പിറ്റൽ ന്യൂസ് സർവീസ്, അസോസിയേറ്റഡ് പ്രസ് എന്നീ സ്‌ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ ദ മാൻ, വാച്ച് ടൈം ഇന്ത്യ, സ്മാർട് ലൈഫ് എന്നിവ തുടങ്ങാൻ ഇദ്ദേഹം മുൻകൈയെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.