ഡോവൽ, ഇന്ത്യൻ ബോണ്ട്
ഡോവൽ, ഇന്ത്യൻ ബോണ്ട്
Thursday, September 29, 2016 2:38 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് മോദിയും ഷരീഫും ഷരീഫിന്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു പോയത്. അതേസമയം, മോദിയും സംഘവും കാറിലാണ് പോയിരുന്നതെങ്കിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ മുൻസീറ്റിലിരുന്ന് പാക്കിസ്‌ഥാൻകാരനായ ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കുമായിരുന്നു അജിത് ഡോവൽ. അങ്ങനെയൊന്നു സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് തലസ്‌ഥാനത്തെ അന്തപ്പുര വർത്തമാനം. ഏഴു വർഷം ഒരു പാക്കിസ്‌ഥാനി മുസ്്ലിമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്‌ഥാനിൽ കഴിഞ്ഞ അജിത് കുമാർ ഡോവലിനറിയാവുന്നതു പോലെ പാക്കിസ്‌ഥാനെ അവിടത്തുകാർ പോലും അറിഞ്ഞിട്ടുണ്ടാകില്ല.

പാക്കിസ്‌ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോൾ പാക്കിസ്‌ഥാന്റെ പേടിയും. ഫീൽഡിലിറങ്ങി ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജന്റ്്സ് ഉദ്യോഗസ്‌ഥൻ ആദ്യമായാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവായത്.

പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിനൊക്കെ പുറമേ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന ലേബലും കൂടിയാകുമ്പോൾ അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ചാണക്യനാകുന്നു.

പാക്കിസ്‌ഥാന്റെ കണ്ണിലെ കരട്

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്‌ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്‌ഥനെ തന്നെയാണ്. അഫ്ഗാൻ–പാക്കിസ്‌ഥാൻ അതിർത്തിയിൽ ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്‌ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു. പാക്കിസ്‌ഥാനിൽ ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ഡോവൽ വ്യക്‌തമാക്കിയിട്ടുണ്ട്.

കേരള കേഡർ

1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവലിന്റെ പോലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോൻ മന്ത്രിസഭയുടെ പേരിടിച്ചു താഴ്ത്താൻ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമർച്ച ചെയ്യാൻ അന്നു കെ. കരുണാകരൻ അവിടെ എസ്പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡോവൽ ഐബിയിൽ ചേർന്നു. കാഷ്മീരിൽ ഡോവൽ നടത്തിയ മുന്നേറ്റങ്ങൾ പിന്നീട് പോലീസ് സേനയുടെ പഠ്യപുസ്തകങ്ങളിൽ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ നേടി. തൊട്ടു പിന്നാലെ രാഷ്ര്‌ടപതിയുടെ പോലീസ് മെഡലും. ഏഴുവർഷക്കാലം (1990–96) പാക്കിസ്‌ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.

അമൃത്സറിലെ ആൾമാറാട്ടം

അമൃത്്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്തണ്ടറായിരുന്നു അജിത് ഡോവൽ നിർവഹിച്ച സാഹസിക ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്‌ഥാൻ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീർപ്പു വ്യവസ്‌ഥകൾക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷൻ ബ്ലാക് തണ്ടർ. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലാക് തണ്ടറിനു മുമ്പു പാക്കിസ്‌ഥാനിൽ നിന്ന് ഐഎസ്ഐ അയച്ച കമാൻഡിംഗ് ഓഫീസറായാണ് ഡോവൽ ഖാലിസ്‌ഥാൻ തീവ്രവാദികളുടെ ഇടയിലേക്കു കയറിച്ചെല്ലുന്നത്. സുവർണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്‌ഥാപിക്കാൻ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാൾ അപ്രത്യക്ഷനാകുകയും ചെയ്തു.

അന്ന് ഖാലിസ്‌ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്ഐ ചാരനെ വഴിയിൽ പിടികൂടിയ ശേഷം അയാളുടെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികർക്കു നൽകുന്ന ഉയർന്ന ബഹുമതിയായ കീർത്തി ചക്ര നൽകിയാണ് രാഷ്ര്‌ടപതി, ഡോവൽ എന്ന പോലീസ് ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്‌ഥനും അജിത് ഡോവലാണ്. തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവർത്തന മികവായിരുന്നു.



മിസോറാമിലെ ഒളിപ്പോര്

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്.



കാണ്ഡഹാറിലെ ഓപ്പറേഷൻ

1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.


വിശ്രമത്തിലും കർമനിരതൻ

2005ൽ ഐബിയുടെ ഡയറക്ടറായി വിരമിച്ചതിനുശേഷം 2009ൽ കർണാടക സർക്കാരിന്റെ സുരക്ഷാ ഉപദേഷ്‌ടാവായി. ഇതിനിടെ ഡൽഹിയിലെ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. വിവിധ വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ സുരക്ഷാ വിഷയങ്ങളിൽ ക്ലാസെടുത്തിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്

2014 മേയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി നിയമിക്കപ്പെടുന്നത്. ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു.

നേപ്പാൾ, ശ്രിലങ്ക

നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

ചെയിൻ സ്മോക്കർ

കടുത്ത പുകവലിക്കാരനാണ് അജിത് ഡോവൽ. 45 മിനിറ്റിൽ ഒരു സിഗരറ്റ് എന്നതാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിസബത്ത് രാജ്‌ഞി ബെക്കിംഗ്ഹാം പാലസിൽ ഉച്ചവിരുന്നിനു ക്ഷണിച്ചപ്പോൾ അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ പെട്ടെന്നു പുറത്തേക്കിറങ്ങിപോയ ഡോവലിനോട് കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥർ കാര്യം തിരക്കി. തനിക്കൊന്നു പുകയ്ക്കാതെ വയ്യെന്നായിരുന്നു ഡോവലിന്റെ മറുപടി.

ശൗര്യ

സൈനിക ജീവിതത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി തന്റെ മകന് ശൗര്യ എന്നാണ് ഡോവൽ പേരിട്ടത്. 1973ൽ നോർത്ത് ഈസ്റ്റ് മേഖലയിൽ ആയിരിക്കുമ്പോഴാണ് സിആർപിഎഫിന്റെ ശൗര്യ ദിവസ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ചടങ്ങിനുശേഷം പതിനഞ്ചാമത്തെ ദിവസം പിറന്ന മകന് ശൗര്യ എന്നു തന്നെ പേരിടുകയായിരുന്നു. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ശൗര്യ ബിജെപിയോടു ചേർന്നു നിൽക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടറാണ്. ബിജെപിയെ അധികാരത്തിലെത്തിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞവരുടെ കൂട്ടത്തിൽ ശൗര്യയുമുണ്ടായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശൗര്യ ഡോവലിന്റെ വിദ്യാഭ്യാസം.

വീര പരിവേഷം

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി അജിത് കുമാർ ഡോവൽ ചുമതലയേൽക്കുന്നത് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ചരിത്രപാഠങ്ങളുടെ വീരപരിവേഷത്തോടെയായിരുന്നു. ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയുടെ ഓപ്പറേഷൻസ് വിംഗ് ചീഫ് ആയിരുന്നു ഡോവൽ. ദേശീയ, അന്തർദേശീയ സുരക്ഷാ വിഷയങ്ങളിൽ അവഗാഹമുള്ള ഡോവൽ നരേന്ദ്ര മോദിയുടെ ടീമിൽ ഉൾപ്പെടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു.

മിസോറാം കലാപം, പഞ്ചാബ് കലാപം, കാഷ്മീർ പ്രശ്നം തുടങ്ങിയ ആഭ്യന്തര കലാപങ്ങൾ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ഡോവൽ ഏറെക്കാലം വേഷപ്രച്ഛന്നനായി ബർമയിലും ചൈനയുടെ അതിർത്തിക്കുള്ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം ഇന്ത്യയോടൊപ്പം ചേരുന്നതിനു നിർണായക പങ്ക് വഹിച്ചതും ഇദ്ദേഹമാണ്. പഞ്ചാബിൽ നടന്ന ഓപ്പറേഷൻ ബ്ലാക് തണ്ടറിലും പങ്കെടുത്തിട്ടുണ്ട്. 1983 മുതൽ 1987 വരെ പാക്കിസ്‌ഥാനിൽ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥനായി സേവനമനുഷ്ഠിച്ച ഡോവൽ ഇന്ത്യാ വിരുദ്ധ ഭീകരരെ നേരിടുന്ന നിരവധി ഓപ്പറേഷനുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.

അജിത് കുമാർ ഡോവൽ എന്നാണ് മുഴുവൻ പേര്. 1945ൽ ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേൽസ്യൂൻ ഗ്രാമത്തിലാണ് ജനനം. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. അജ്മീർ മിലിട്ടറി സ്കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.