കേന്ദ്രത്തിന് ആന്റണിയുടെ അഭിനന്ദനം
കേന്ദ്രത്തിന് ആന്റണിയുടെ അഭിനന്ദനം
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാനിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരേ നടപടിയെടുത്ത ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെയും കേന്ദ്ര സർക്കാരിനെയും അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇനിയെങ്കിലും ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടാൻ പാകിസ്‌ഥാൻ തയാറാകണം. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കെതിരായി പാക്കിസ്‌ഥാൻ സൈന്യത്തിന്റെ പരിശീലനത്തോടും പൂർണമായ പിന്തുണയോടെയാണു ഭീകരവാദികൾ തുടർച്ചയായി നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സേന ഭീകരർക്കെതിരേ ധീരവും സാഹസികവുമായ മുന്നേറ്റം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നിൽ സല്യൂട്ട് ചെയ്യുന്നു.

കുറേക്കാലങ്ങളായി പാക്കിസ്‌ഥാൻ പട്ടാളത്തിന്റെ സഹായത്തോടുകൂടി അവർ പരിശീലിപ്പിച്ച ഭീകരർ തുടർച്ചയായി രാജ്യത്ത് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ദുരന്ത നടപടിയായിരുന്നു പത്താൻകോട്ടിലേത്. പിന്നീട് ഉറിയിൽ. ഇതിൽ പാക്കിസ്‌ഥാന്റെ പങ്ക് തുറന്നു കാണിക്കുന്നതായിരുന്നു. എന്നിട്ടും പാക്കിസ്‌ഥാനോ അവരുടെ സൈന്യമോ പാഠം പഠിച്ചിട്ടില്ല. ഇപ്പോഴും ഭീകരന്മാർ തുടർച്ചയായി ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മറ്റൊരു പോം വഴിയുമില്ല. ഇന്ത്യയുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്.


പാക്കിസ്‌ഥാന്റെ നടപടികൾക്ക് എവിടെയെങ്കിലും വച്ച് അവസാനമുണ്ടാകണം. അത്തരമൊരു സന്ദേശമാണ് ഇന്ത്യൻ സൈന്യം പാക്കിസ്‌ഥാനു നൽകിയത്. ഇന്ത്യൻ സൈന്യം ചെയ്ത നടപടി ഏറ്റവും ശരിയാണ്. ഇന്ത്യയുടെ അതിർത്തിയിൽ പാക്കിസ്‌ഥാൻ സൈന്യം പരിശീലിപ്പിക്കുന്ന ഡസൻ കണക്കിനു ഭീകരന്മാരുടെ ക്യാമ്പുകളുണ്ട്. പാക്കിസ്‌ഥാൻ ഇനിയെങ്കിലും ഈ ക്യാമ്പുകൾ അടച്ചു പൂട്ടാൻ തയാറാകണം. ഇല്ലെങ്കിൽ ഇന്ത്യയുടെ രാജ്യരക്ഷയ്ക്കു വേണ്ടി എന്തെല്ലാം നടപടികൾ വേണ്ടിവരുമെന്ന കാര്യത്തിൽ ഇന്ത്യൻ സൈന്യം യുക്‌തമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.