പുതിയ രാഷ്ട്രീയപാർട്ടി ഉടൻ: ഇറോം ഷർമിള
പുതിയ രാഷ്ട്രീയപാർട്ടി ഉടൻ: ഇറോം ഷർമിള
Saturday, October 1, 2016 11:58 AM IST
ന്യൂഡൽഹി: പുതിയ രാഷ്ട്രീയ പാർട്ടി ഉടൻ രൂപീകരിക്കുമെന്നു മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ഷർമിള. മണിപ്പൂരിൽ തിരിച്ചെത്തിയാലുടൻ പുതിയ പാർട്ടി സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുമെന്ന് അവർ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനമെന്നും അവർ വ്യക്‌തമാക്കി.

അതിനിടെ, സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്്ട്രപതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു. ഇതിനായി ആഗോളവ്യാപകമായി വനിതകളിൽ നിന്നും ഒപ്പു ശേഖരണം നടത്തി രാഷ്ട്രപതിക്കു നിവേദനം നൽകും. തെരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിലെത്തിയാൽ കിരാത നിയമമായ അഫ്സ്പ പിൻവലിക്കാൻ കഴിയുമെന്നു തന്നെയാണു വിശ്വാസം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ കഴിയും. ഒരു പാർട്ടിയുമായും സഖ്യമില്ല. എന്നാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി അടുത്ത ബന്ധമുണ്ട്. തനിക്കു കേജരിവാളിന്റെ ഉറച്ച പിന്തുണയുണ്ടെന്നും ഇറോം പറഞ്ഞു. സായുധ സേനാവിഭാഗങ്ങൾക്കുള്ള പ്രത്യേകാധികാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പതിനാറുവർഷം മുമ്പ് ഇറോം ഷർമിള ആരംഭിച്ച നിരാഹാര സമരം അടുത്തിയിടെയാണ് അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.