ജയലളിതയുടെ ആരോഗ്യം: തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനു കേസ്
ജയലളിതയുടെ ആരോഗ്യം: തെറ്റായ വാർത്ത  പ്രചരിപ്പിച്ചതിനു കേസ്
Saturday, October 1, 2016 12:10 PM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചു ഫേസ്ബുക്കിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരേ ചെന്നൈ സിറ്റി പോലീസ് സൈബർ വിംഗ് കേസ് രജിസ്റ്റർ ചെയ്തു. എഡിഎംകെ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് യുവതിയെന്നു കരുതുന്ന അക്കൗണ്ട് ഉടമയ്ക്കെതിരേ കേസെടുത്തത്. ഇവർ ഇപ്പോൾ ഫ്രാൻസിലാണ് താമസമെന്നാണ് അവകാശപ്പെടുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി തമിഴ്ച്ചി എന്ന ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യാൻ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെടും. കൂടാതെ, പേജിന്റെ ഐപി അഡ്രസും മറ്റു വിവരണങ്ങളും ആവശ്യപ്പെടും. ഏഴ് ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുള്ള ഫേസ്ബുക്ക് പേജ് ആണിത്. നിരവധി വിവാദ പോസ്റ്റുകൾ ഇതിനു മുമ്പും ഈ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐടി ജീവനക്കാരിയായ സ്വാതിയുടെ മരണവും പ്രതിയുടെ ആത്മഹത്യയും സംബന്ധിച്ച് ഈ പേജിൽ വന്ന പോസ്റ്റുകളും വിവാദമുണ്ടാക്കിയിരുന്നു. വാർത്ത പ്രചരിപ്പിച്ച വ്യക്‌തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടില്ല. ഫേസ്ബുക്ക് അധികൃതർ സഹകരിച്ചാൽ പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു പോലീസ് മുന്നറിയിപ്പു നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.