തമിഴ്നാടിനു വെള്ളം നൽകേണ്ടെന്നു തീരുമാനം
തമിഴ്നാടിനു വെള്ളം നൽകേണ്ടെന്നു തീരുമാനം
Saturday, October 1, 2016 12:10 PM IST
ബംഗളൂരു: തമിഴ്നാടിനു കാവേരിജലം വിട്ടുനൽകേണ്ടതില്ലെന്നു കർണാടക. ഇന്നലെ ബംഗളൂരു വിധാൻ സൗധയിൽ നടന്ന സർവകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. തമിഴ്നാടിന് ഒക്ടോബർ ആറു വരെ ദിവസേന 6,000 ക്യൂസെക്സ് ജലം വിട്ടുനൽകണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു ഭാവിനടപടി നിശ്ചയിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. യോഗതീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ അറിയിക്കും.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു ചേർന്ന സർവകക്ഷിയോഗത്തിൽ തമിഴ്നാടിനു വെള്ളം നൽകേണ്ടെന്ന സർക്കാർ തീരുമാനത്തിനു പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജനതാദൾ–സെക്കുലറും പിന്തുണ പ്രഖ്യാപിച്ചു.

തമിഴ്നാടിനു വെള്ളം നൽകില്ലെന്ന തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ടുപോകരുതെന്നും കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ സർക്കാർ എതിർക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ, കാവേരിജലം കർണാടകയുടെ കുടിവെള്ള ആവശ്യത്തിനു മാത്രമാണെന്ന നിയമസഭാ പ്രമേയത്തിൽ ഉറച്ചുനിൽക്കണമെന്നും ബിജെപി, ജെഡി–എസ് നേതാക്കൾ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ഇരുസഭകളിലെയും അംഗങ്ങളെയും കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ അടക്കമുള്ള എംപിമാരെയും മറ്റു മന്ത്രിമാരെയും മുഖ്യമന്ത്രി യോഗത്തിലേക്കു ക്ഷണിച്ചിരുന്നു.


കാവേരിയിലെ നാല് അണക്കെട്ടുകളിലെയും ജലം ബംഗളൂരുവിലെയും കാവേരി നദീതടങ്ങളിലെയും കുടിവെള്ള ആവശ്യത്തിനു മാത്രം നൽകിയാൽ മതിയെന്നു കർണാടക നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. എല്ലാ കക്ഷികളും പ്രമേയത്തെ അനുകൂലിച്ചു. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച കർണാടകത്തിന് എതിരായി സുപ്രീംകോടതി വിധിയുണ്ടായത്.

ഒക്ടോബർ ഒന്നു മുതൽ ആറു വരെ ദിവസേന 6,000 ക്യൂസെക്സ് ജലം തമിഴ്നാടിനു നൽകണമെന്നും ഉത്തരവ് മറികടന്നാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നിർദേശം നൽകി. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നീ സംസ്‌ഥാനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നു ദിവസത്തിനുള്ളിൽ കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം.

തുടർന്നു രണ്ടു ദിവസത്തിനുള്ളിൽ സമിതി സ്‌ഥലം സന്ദർശിച്ച് അടിസ്‌ഥാന പ്രശ്നങ്ങൾ പരിശോധിച്ച് ഒക്ടോബർ ആറിനു മുമ്പ് റിപ്പോർട്ട് നൽകണമെന്നും ആറിനു കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.