സാമൂഹിക പ്രവർത്തകയാകാൻ ദനാ മാഝിയുടെ മകൾ
സാമൂഹിക പ്രവർത്തകയാകാൻ ദനാ മാഝിയുടെ മകൾ
Saturday, October 1, 2016 12:10 PM IST
ഭുവനേശ്വർ: സാമൂഹിക പ്രവർത്തകയാകാനുള്ള മോഹവുമായി ചാന്ദ്നി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (കിസ്) പുതിയൊരു ജീവിതം ആരംഭിച്ചു. ഒഡീഷയിലെ കലഹന്ദി ജില്ലയിൽ ഭാര്യയുടെ മൃതദേഹം ചുമുന്നുകൊണ്ടു പോകേണ്ടിവന്ന ദനാ മാഝിയെ അനുഗമിച്ചിരുന്ന മകളാണു ചാന്ദ്നി. ചാന്ദ്നിയും രണ്ട് അനുജത്തിമാരുമാണു കിസിന്റെ തണലിൽ അഭയം കണ്ടെത്തിയിരിക്കുന്നത്. ദനാ മഝിയുടെ ദയനീയ ചിത്രവും വാർത്തയും ദേശീയ–അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാകുകയും വിദേശത്തുനിന്നടക്കം വലിയ സഹായം ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു ദനാ മഝിയുടെ ഭാര്യ അഗൻഗയുടെ മരണം. കലഹന്ദി ജില്ലയിലെ കൊന്ദ് ഗോത്രവർഗത്തിൽപ്പെട്ടവരാണ് ഇവർ. ഭാര്യക്കു സുഖമില്ലാതായപ്പോൾ ഓഗസ്റ്റ് 23നാണ് 3,000 രൂപ വാടക നൽകി മാർഷൽ ജീപ്പിൽ 60 കിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചതെന്ന് മാഝി ദീപികയോടു പറഞ്ഞു. 100 രൂപ ആശുപത്രി ജീവനക്കാർക്കു കൈക്കൂലി കൊടുത്താണു ഭാര്യയെ അഡ്മിറ്റ് ചെയ്യിച്ചത്. ഡോക്ടർ പരിശോധിച്ച് 250 രൂപയുടെ എക്സ്–റേയും 350 രൂപയുടെ രക്‌തപരിശോധനയും നടത്തി. തുടർന്ന് 300 കിലോമീറ്റർ അകലെയുള്ള സാംബൽപുർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ, കൈയിൽ പണമില്ലാത്തതിനാൽ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ലെന്നു മാഝി പറഞ്ഞു. തുടർന്നു ഡോക്ടർ എഴുതിയ മരുന്ന് അദ്ദേഹംതന്നെ നിർദേശിച്ച സ്വകാര്യ മരുന്നുകടയിൽനിന്നു 350 രൂപയ്ക്കു വാങ്ങി.

രാത്രി രണ്ടു മണിയായപ്പോഴക്കും അഗൻഗ് മരിച്ചതായി നഴ്സുമാർ അറിയിച്ചു. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് പുലർച്ചെ നാലിനു സാരിയും ലുങ്കിയും ഉപയോഗിച്ചു പൊതിഞ്ഞു മൃതദേഹവുമായി മാഝിയും ചാന്ദ്നിയും വീട്ടിലേക്കു നടന്നത്. താൻ മരിച്ചാൽ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിക്കരുതെന്നും സ്വന്തം കുടിലിൽ എത്തിച്ചു സംസ്കരിക്കണമെന്നും ഭാര്യ കേണുപറഞ്ഞതിനാലാണു താൻ മൃതദേഹം ചുമന്നാണെങ്കിലും കൊണ്ടുപോകാൻ തീരുമാനിച്ചതെന്നാണു മാഝി പറയുന്നത്.


മൃതദേഹവുമായി പോകുന്നവഴി പലരും ഇതെന്താണെന്നു ചോദിച്ചപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ താൻ ആലോചിച്ചു. എന്നാൽ, ചാന്ദ്നി സമ്മതിച്ചില്ല. വഴിയിൽ കണ്ട പോലീസുകാരൻ ഉപദേശിച്ചത് നന്നായി പൊതിഞ്ഞുകെട്ടി മൃതദേഹം പുറത്തുകാണാത്ത രീതിയിൽ കൊണ്ടുപോകാനാണ്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് സഹായിക്കാൻ തയാറായെങ്കിലും തന്റെ കൈയിൽ പണമില്ലെന്നു മനസിലായതോടെ പിന്മാറി. ഫോറസ്റ്റ് റേഞ്ചർ വനത്തിലൂടെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിച്ചില്ല. അതിന് അയാൾ 1,000 രൂപ ചാന്ദ്നിയുടെ കൈയിൽ കൊടുക്കുകയും ചെയ്തു. തന്റെ ഗ്രാമത്തിലേക്കുള്ള എളുപ്പവഴി വനത്തിലൂടെയായതിനാൽ ഏറെ ചുറ്റിവളഞ്ഞാണു പിന്നീടു പോയത്. ഒരു പ്രാദേശിക ചാനൽ റിപ്പോർട്ടർ താൻ മൃതദേഹവുമായി പോകുന്ന രംഗം ഷൂട്ട് ചെയ്യുകയും തുടർന്നു വാഹനം ഏർപ്പെടുത്തി തരികയുമായിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഈ ദാരുണ സംഭവം പുറംലോകം അറിഞ്ഞത്.

വനത്തിൽനിന്നു വിറകു ശേഖരിച്ചാണു താനും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. ഇതിൽനിന്നു കിട്ടുന്ന വരുമാനം ഒന്നിനും തികയുകയില്ല. കാട്ടിൽനിന്നു കിട്ടുന്ന കിഴങ്ങുകളും മറ്റുമാണു തങ്ങളുടെ പ്രധാന ഭക്ഷണമെന്നു മാഝി പറയുന്നു. വല്ലപ്പോഴുമാണ് അരിഭക്ഷണം കഴിക്കുന്നത്. ഒഡീഷയിലെ ആദിവാസികളുടെയെല്ലാം പൊതു അവസ്‌ഥ ഇതുതന്നെയാണെന്നും മാഝി പറഞ്ഞു.

ചാന്ദ്നി അടക്കം നാലു പെൺകുട്ടികളാണു മാഝിക്കുള്ളത്. മൂത്ത കുട്ടിയെ വിവാഹം ചെയ്തയച്ചു. 12 വയസുള്ള ചാന്ദ്നി സ്വന്തം ഗ്രാമത്തിൽ നാലു കിലോമീറ്റർ നടന്നുപോയി അഞ്ചാം ക്ലാസുവരെ പഠിച്ചിരുന്നു. പിന്നീട് പഠനം നിർത്തി. പത്തു വയസുള്ള സോനായ്, ആറുവയസുകാരി പ്രമീള എന്നിവരോടൊപ്പമാണ് ചാന്ദ്നി ഇപ്പോൾ കിസിൽ പഠിക്കുന്നത്.

പുത്തൻ വസ്ത്രങ്ങളും മികച്ച ഭക്ഷണവും കിട്ടുന്നതിനാൽ കുട്ടികൾ സന്തോഷത്തിലാണെന്ന് 300 കിലോമീറ്റർ അകലെനിന്നു ഭുവനേശ്വറിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ മക്കളെ കാണാനെത്തിയ മാഝി പറയുന്നു.

സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.