ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് കമ്മീഷൻ ചെയ്തു
ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് കമ്മീഷൻ ചെയ്തു
Tuesday, October 18, 2016 12:20 PM IST
ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് നാവികസേന പൂർണമായി കമ്മീഷൻ ചെയ്തു. അണവ ഇന്ധനം ഉപയോഗിക്കുന്ന അന്തർവാഹിനിയിൽനിന്ന് അണ്വായുധങ്ങൾ വിക്ഷേപിക്കാം.

ഓഗസ്റ്റിൽ നാവികസേനയുടെ ഭാഗമായ അന്തർവാഹിനി പൂർണ സജ്‌ജമായെന്ന റിപ്പോർട്ടുകളോടു പ്രതിരോധ മന്ത്രാലയമോ നാവികസേനയോ പ്രതികരിച്ചിട്ടില്ല. അരിഹന്ത് പൂർണ സജ്‌ജമായതോടെ ഭൂമി, വായു, ജലം എന്നിവിടങ്ങളിൽനിന്ന് അണ്വായുധ പ്രഹരശേഷി കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. അരിഹന്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വൈസ് അഡ്മിറൽ ജി.എസ്. പബ്ബി മറുപടി നല്കിയില്ലെങ്കിലും വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയുണ്ടാകുമെന്ന് അറിയിച്ചു. പ്രതിരോധമന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്‌ടാവ് ഡോ. ജി. സന്തോഷ് റെഡ്ഡിയും അരിഹന്തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല.


എസ്എസ്ബിഎൻ (ഷിപ്പ് സബ്മേഴ്സിബിൾ ബാലിസ്റ്റിക് ന്യൂക്ലിയർ സബ്മറൈൻ) വിഭാഗത്തിൽപ്പെട്ട ഐഎൻഎസ് അരിഹന്തിന് ആറായിരം ടൺ ഭാരമുണ്ട്. നിലവിലുള്ള എസ്എസ്എൻ വിഭാഗത്തേക്കാൾ പ്രഹരശേഷിയുള്ളവയാണ് എസ്എസ്ബിഎൻ വിഭാഗത്തിലുള്ള മുങ്ങിക്കപ്പലുകൾ. തൊണ്ണൂറുകളുടെ അവസാനമാണ് ഇന്ത്യ തദ്ദേശീയമായി ആണവ മുങ്ങിക്കപ്പലുകൾ നിർമിക്കാനാരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.