മർദനമേറ്റ ജെഎൻയു വിദ്യാർഥിയെക്കുറിച്ചു വിവരമില്ല
മർദനമേറ്റ ജെഎൻയു വിദ്യാർഥിയെക്കുറിച്ചു വിവരമില്ല
Tuesday, October 18, 2016 12:34 PM IST
ന്യൂഡൽഹി: ജെഎൻയുവിൽ എബിവിപി വിദ്യാർഥികളുടെ മർദനമേറ്റശേഷം കാണാതായ വിദ്യാർഥി നജീബ് അഹമ്മദിനെക്കുറിച്ച് നാലു ദിവസത്തിനു ശേഷവും വിവരമില്ല. നജീബിന്റെ തിരോധാനത്തെത്തുടർന്ന് കാമ്പസിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്നലെ മാതാപിതാക്കളും ചേർന്നു. തങ്ങളുടെ മകന് എന്ത് സംഭവിച്ചുവെന്നു സർവകലാശാല അധികൃതർ വ്യക്‌തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നജീബ് ഭയചകിതനായി ഫോൺ വിളിച്ചതിനെത്തുടർന്ന് ഉത്തർ പ്രദേശിലെ ബദായൂനിൽ നിന്നാണ് ഇവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്.

നജീബിനെ കാണാതായതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും വിവരങ്ങൾ കണ്ടെത്താനായില്ല എന്നാണ് പോലീസ് നിലപാട്. അധികൃതരാവട്ടെ നജീബിനെ കുറ്റക്കാരനായി ചിത്രീകരിച്ച് അക്രമികളെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ജെഎൻയു സമരകാലത്ത് പ്രതിഷേധങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ അധ്യാപകരിൽ പലരും നിസംഗത പുലർത്തുന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

അതിനിടെ ചൊവ്വാഴ്ചയും വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം തീർത്തു. മോദിയുടെ കോലം കത്തിച്ചുവെന്ന വാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം ട്വിറ്ററിലൂടെ അന്വേഷണം പ്രഖ്യാപിച്ച വൈസ്ചാൻലർ ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായ വിദ്യാർഥിക്കുവേണ്ടി ശബ്ദിക്കുന്നില്ലെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.

കാമ്പസിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്ത പൊലീസ് സ്റ്റേഷൻ മാർച്ചിനു ശേഷം ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. നജീബിന് സംഭവിച്ചത് നാളെ ഏതൊരു വിദ്യാർഥിയും അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്നും സംഘ്പരിവാറും അധികൃതരും ചേർന്ന് ജെഎൻയുവിനെ നശിപ്പിക്കുകയാണെന്നും വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡൻറ് ഷെഹ്ല റാഷിദ് ഷോറ പറഞ്ഞു.


ഈ മാസം 14നു ഹോസ്റ്റൽ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു മുറിയിൽ വന്ന മൂന്നു വിദ്യാർഥികളും നജീബും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഒരു സംഘം എബിവിപി പ്രവർത്തകർ എത്തി നജീബിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

സഹപാഠികൾ എത്തിയാണ് ഇവരിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് സീനിയർ വാർഡന്റെ അടുക്കലേക്ക് എത്തിച്ചപ്പോൾ അവിടെയും മർദനമേറ്റു. തടയാൻ ശ്രമിച്ച വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കു നേരെയും മർദനമുണ്ടായി. വാർഡൻമാരായ ഡോ. സുശീൽ കുമാർ, സൗമ്യജിത് റായ്, അരുൺ ശ്രീവാസ്തവ എന്നിവർക്കു മുന്നിൽ വെച്ച് അക്രമികൾ കൊലവിളി മുഴക്കുകയും നടപടികൾ സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർഥി യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഈ സംഭവത്തിനു പിറ്റേന്നു മുതലാണ് നജീബിനെ കാണാതായത്. വിദ്യാർഥികളും ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. തുടർന്ന് മകനെ കാണാനില്ലെന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.