സിനിമയ്ക്ക് എംഎൻഎസ് ഭീഷണി: അണിയറ പ്രവർത്തകരും തിയറ്റർ ഉടമകളും പോലീസ് സംരക്ഷണം തേടി
സിനിമയ്ക്ക് എംഎൻഎസ് ഭീഷണി: അണിയറ പ്രവർത്തകരും തിയറ്റർ ഉടമകളും പോലീസ് സംരക്ഷണം തേടി
Tuesday, October 18, 2016 12:34 PM IST
മുംബൈ: പാക്കിസ്‌ഥാനിൽനിന്നുള്ള കലാകാരന്മാർ അഭിനയിച്ച കരൺ ജോഹറുടെ ഏ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണിയെത്തുടർന്ന് സിനിമാ പ്രവർത്തകരും തിയറ്റർ ഉടമകളും പോലീസ് സംരക്ഷണം തേടി. കരൺ ജോഹറുടെ ധർമ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമിച്ചത്. കരണിനെക്കൂടാതെ സംവിധായകൻ മുകേഷ് ഭട്ട്, ഫോക്സ്സ്റ്റാർ സ്റ്റുഡിയോസ് ഉടമ വിജയ് സിംഗ് എന്നിവരാണ് ഇന്നലെ മുംബൈ പോലീസ് കമ്മീഷണർ ദത്താത്രേയ പദസൽഗിക്കറിനെ കണ്ട് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഈ മാസം 28നാണു സിനിമ തിയറ്റുകളിലെത്തുന്നത്.

പാക് കലാകാരൻ പവദ് ഖാൻ അഭിനയിച്ച സിനിമ പ്രദർശിപ്പിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റുകൾ അടിച്ചു തകർക്കുമെന്നാണ് രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാൺ സേന കഴിഞ്ഞദിവസം ഭീഷണി മുഴക്കിയത്. രൺബീർ കപൂർ, ഐശ്വര്യറായ്, അനുഷ്ക ശർമ എന്നിവർ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് ഏ ദിൽ ഹെ മുഷ്കിൽ. സിനിമയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാദത്തിലേക്കു വലിച്ചിഴച്ച അനുരാഗ് കശ്യപിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ താനെ ജില്ലയിലെ കല്യാണിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞവർഷമാണ് മോദി ലാഹോർ സന്ദർശിച്ചത്. അതിനു മോദി ഖേദം പ്രകടിപ്പിച്ചില്ല. പിന്നെന്തിനു പാക് കലാകാരന്മാരെ കുറ്റപ്പെടുത്തണമെന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.