തീരുമാനങ്ങളില്ലാതെ പനീർശെൽവത്തിന്റെ ആദ്യ മന്ത്രിസഭാ യോഗം
തീരുമാനങ്ങളില്ലാതെ പനീർശെൽവത്തിന്റെ  ആദ്യ മന്ത്രിസഭാ യോഗം
Wednesday, October 19, 2016 12:20 PM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തിൽ ധനമന്ത്രി പനീർശെൽവത്തിന്റെ അധ്യക്ഷതയിൽ ഇന്നലെ സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേർന്നു. ജയലളിതയുടെ ഉപദേശപ്രകാരം ഗവർണർ വിദ്യാസാഗർ റാവുവാണ് ജയലളിതയുടെ ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ പനീർശെൽവത്തിനു കൈമാറിയത്. വകുപ്പുകൾ ലഭിച്ചതിനുശേഷം പനീർശെൽവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ഇത്. ചീഫ് സെക്രട്ടറി പി. രാമമോഹന റാവു, സർക്കാരിന്റെ മുഖ്യഉപദേഷ്‌ടാവ് ഷീല ബാലകൃഷ്ണൻ, മറ്റ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഒരു മണിക്കൂർ നീണ്ട യോഗത്തിൽ കാവേരി ജലതർക്കമാണ് ചർച്ച ചെയ്തതെങ്കിലും ഔദ്യോഗിക തീരുമാനങ്ങളൊന്നുമില്ല. ജയലളിതയുടെ ഫോട്ടോയ്ക്കു ചുറ്റും മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്‌ഥരും ഇരിക്കുന്ന ഫോട്ടോ മാത്രമാണു പുറത്തുവിട്ടത്.

ഈ മാസം അവസാനം വടക്കുകിഴക്കൻ കാലവർഷം തമിഴ്നാടിന്റെ തീരത്തെത്തും. കഴിഞ്ഞവർഷം ഡിസംബറിൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വൻനാശമാണുണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന്റെ മുൻകരുതൽ നടപടികളുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.


കാവേരി മാനേജ്മെന്റ് ബോർഡ് ഉടൻ സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും കർഷകരും സംസ്‌ഥാന വ്യാപകമായി സമരം നടത്തിവരികയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ടുദിവസം ട്രെയിൻ തടയൽ സമരം നടത്തിയിരുന്നു. കാവേരി വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

സംസ്‌ഥാന ബജറ്റിനെക്കുറിച്ചു ചർച്ച ചെയ്യാനായി ജൂലൈയിലാണ് ജയലളിതയുടെ അധ്യക്ഷതയിൽ അവസാനമായി മന്ത്രിസഭായോഗം ചേർന്നത്. സെപ്റ്റംബർ 22ന് കടുത്ത പനിയും നിർജലീകരണവുംമൂലം അപ്പോളോ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, അണുബാധ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജയലളിതയ്ക്ക് ആശുപത്രിയിൽ തുടർ ചികിത്സ നൽകിവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.