കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷമാകാൻ കാരണമെന്തെന്നു സുപ്രീംകോടതി
കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷമാകാൻ കാരണമെന്തെന്നു സുപ്രീംകോടതി
Thursday, October 20, 2016 12:25 PM IST
ന്യൂഡൽഹി: കേരളത്തിൽ മാത്രം തെരുവുനായയുടെ ആക്രമണം ഇത്ര രൂക്ഷമാകാൻ കാരണമെന്തെന്നു സുപ്രീംകോടതി. കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ പഠനം നടത്തിയ ജസ്റ്റീസ് സിരി ജഗൻ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ, കേരളത്തിൽ മാത്രമല്ല, ഗുജറാത്തിലും ഡൽഹിയിലുമൊക്കെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. നായയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവർക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, കടിയേൽക്കുന്നവർക്ക് മുഴുവൻ നഷ്‌ടപരിഹാരം നൽകുന്നതു പ്രായോഗികമല്ലെന്ന് അറിയിച്ച സംസ്‌ഥാന സർക്കാർ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതിനകം നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.


കേരളത്തിലെ തെരുവുനായ പ്രശ്നം പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് ഉത്തരവിട്ട വിവിധ ഹൈക്കോടതികളുടെ നടപടിയെ ചോദ്യംചെയ്തുള്ള ഹർജികൾക്കൊപ്പം ഇനി കേരളത്തിലെ വിഷയവും പരിഗണിക്കും. പ്രശ്നത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമവും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ അധികാരവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ അതു പരിഹരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും നവംബർ 17നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.