രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി
രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി
Thursday, October 20, 2016 12:25 PM IST
ന്യൂഡൽഹി: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ ആദ്യവാരത്തോടെ ഡിസിസി ഭാരവാഹികൾ വരെയുള്ള പുനഃസംഘടന പൂർത്തിയാക്കാനാണ് നടപടികൾ ഊർജിതമായി നടക്കുന്നതെന്നു ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു. ഗ്രൂപ്പുകൾക്ക് അതീതമായുള്ള പുനഃസംഘടന നടത്താനാണ് രാഹുൽ നിർദേശിച്ചിരിക്കുന്നതെങ്കിലും പരിചയ സമ്പന്നരായ നേതാക്കളെ അവഗണിക്കരുതെന്നും അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഡൽഹിയിലെത്തി രാഹുൽ അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയും ചർച്ചകൾക്കായി ഡൽഹിയിലെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തി. പുനഃസംഘടന നടപടികൾ വിലയിരുത്തുന്നതിനായി മുകുൾ വാസ്നിക് നവംബർ രണ്ട്, മൂന്ന് തീയതികളിൽ കേരളത്തിലെത്തുന്നുണ്ട്.


സംസ്‌ഥാന കോൺഗ്രസിലെ പുനഃസംഘടന സമയബന്ധിതമായി നടത്തുമെന്നും കഴിവും പ്രാപ്തിയുമുള്ളവർ നേതൃനിരയിലെത്തുമെന്നും കൂടിക്കാഴ്ചകൾക്കു ശേഷം ഉമ്മൻ ചാണ്ടി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ രാജി സന്നദ്ധത അടക്കമുള്ള ചോദ്യങ്ങളോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.