എടിഎം: ഗവൺമെന്റും റിസർവ് ബാങ്കും ഇടപെട്ടു
എടിഎം: ഗവൺമെന്റും റിസർവ് ബാങ്കും ഇടപെട്ടു
Friday, October 21, 2016 1:42 PM IST
മുംബൈ/ന്യൂഡൽഹി: ബാങ്കുകളുടെ എടിഎം ഡെബിറ്റ് കാർഡുകളുടെ രഹസ്യവിവരങ്ങൾ ചോർന്നതു സംബന്ധിച്ചു കേന്ദ്രസർക്കാരും റിസർവ് ബാങ്കും നടപടി എടുക്കുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്ലി റിസർവ് ബാങ്കിൽനിന്നും സുരക്ഷാവീഴ്ച ഉണ്ടായ ബാങ്കുകളിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇതുവരെ 32 ലക്ഷത്തിൽപരം കാർഡുകളുടെ വിവരങ്ങൾ ചോർന്നു എന്നു മാത്രമേ സൂചനയുള്ളൂ. 641 പേർ പരാതി നല്കിയിട്ടുണ്ട്. അവർക്കു മൊത്തം 1.3 കോടി രൂപ നഷ്ടമായി. 19 ബാങ്കുകളിലെ ഇടപാടുകാരാണു പരാതിക്കാർ.

വിവരചോർച്ച ഉണ്ടായതു യെസ് ബാങ്ക് ഉപയോഗിക്കുന്ന ഹിറ്റാച്ചിയുടെ എടിഎമ്മുകളിൽനിന്നാണ്. എടിഎമ്മിൽ പ്രവേശിപ്പിച്ച ശത്രു പ്രോഗ്രാം (മാൽവേർ) ഓരോ കാർഡ് ഇടപാട് നടക്കുമ്പോഴും വിവരങ്ങൾ ചോർത്തി എന്നാണു സൂചന. മേയ് –ജൂലൈ കാലയളവിലാണിത്. ബാങ്കിതര സ്‌ഥാപനങ്ങൾ നടത്തുന്ന വെള്ള എടിഎമ്മുകൾ അടക്കം അരലക്ഷത്തോളം എടിഎമ്മുകളാണ് ഹിറ്റാച്ചിയുടേതായി രാജ്യത്തുള്ളത്.

സെപ്റ്റംബറിലാണു ചോർത്തൽ സൂചന കിട്ടിയതെന്നു ബാങ്കുകൾ പറയുന്നു. എന്നാൽ, ജൂലൈ അവസാനം അപായസൂചനകൾ ലഭിച്ചിട്ടു പല ബാങ്കുകളും വേണ്ട നടപടികൾ എടുത്തില്ലെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.

ചോർത്തിയ വിവരങ്ങൾ വച്ച് ചൈന, ബ്രസീൽ, അർജന്റീന, അമേരിക്ക, റഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണു പണം വലിച്ചത്.

നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യോടും ധനമന്ത്രാലയം വിശദീകരണം ചോദിച്ചിട്ടുണ്ട്. പേമെന്റ് സർവീസ് നടത്തുന്നവരിൽനിന്നാണു ചോർച്ചയുടെ തുടക്കം എന്ന് എൻപിസിഐ ചീഫ് എക്സിക്യൂട്ടീവ് എ.പി. ഹോട്ട പറഞ്ഞു.

നിക്ഷേപകരും ഇടപാടുകാരും ആശങ്കപ്പെടേണ്ടതില്ലെന്നു ധനമന്ത്രി ജയ്റ്റ്ലി പറഞ്ഞു. മേലിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതൽ ഗവൺമെന്റ് കൈക്കൊള്ളും.

കംപ്യൂട്ടർ അധിഷ്ഠിത തട്ടിപ്പായതിനാൽ അതിന്റെ തുടക്കം കണ്ടെത്താനാകുമെന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ് പറഞ്ഞു.


വീസ, മാസ്റ്റർ കാർഡ് പ്ലാറ്റ്ഫോമുകളിലുള്ള 26.5 ലക്ഷം കാർഡുകളിലെയും റുപേയിലെ രണ്ടുലക്ഷം കാർഡുകളിലെയും വിവരങ്ങളാണു ചോർത്തിയത്. ബന്ധപ്പെട്ട കാർഡുടമകളോടു പാസ്വേഡ് (പിൻ) മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. മാറ്റാത്തവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ആറു ലക്ഷത്തിൽപരം കാർഡുകൾ മാറ്റി നല്കാനാണു തീരുമാനിച്ചിട്ടുള്ളത്.

ഈ ചോർച്ച സൈബർ ആക്രമണങ്ങൾക്കെതിരേയുള്ള പ്രതിരോധം വർധിപ്പിക്കാൻ ബാങ്കുകൾക്കും ഗവൺമെന്റിനും പ്രേരണയായി. ആക്രമണം തടയാൻ നാലുമാസം മുമ്പ് റിസർവ് ബാങ്ക് നൽകിയ മാർഗനിർദേശം പല ബാങ്കുകളും പാലിച്ചിട്ടില്ല.

രാജ്യത്ത് 70 കോടിയോളം എടിഎം, ഡെബിറ്റ് കാർഡുകൾ ഉണ്ട്. ഇവ 2.17 ലക്ഷം എടിഎമ്മുകളിലും 15 ലക്ഷം വ്യാപാര സ്‌ഥാപനങ്ങളിലും ഉപയോഗിക്കുന്നു.

എല്ലാ ബാങ്കുകളും തന്നെ കാർഡുടമകൾ പിൻ (പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) മാറ്റണമെന്നു നിർദേശിച്ചിട്ടുണ്ട്. അക്കൗണ്ട് ഉള്ള ബാങ്കിന്റെ എടിഎമ്മിൽ മാത്രം കാർഡ് ഉപയോഗിക്കുക എന്നും അവർ ഉപദേശിച്ചിക്കുന്നു.


എടിഎം കാർഡുടമകൾ സൂക്ഷിക്കുക

* എടിഎം കാർഡ് ഉള്ളവർ ബാങ്കിൽ തങ്ങളുടെ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും നല്കുക.

* ബാങ്ക് നല്കുന്ന അലെർട്ടുകൾ അലക്ഷ്യമായി തള്ളിക്കളയരുത്. അക്കൗണ്ട് സംബന്ധിച്ച എന്തെങ്കിലും അസാധാരണം എന്നു തോന്നിയാലുടൻ ശാഖയുമായി ബന്ധപ്പെടുക.

* അക്കൗണ്ടും കാർഡും സംബന്ധിച്ച വിവരങ്ങൾ പുറത്തു നല്കാതിരിക്കുക.

* പിൻ (പാസ്വേഡ്) ഇടയ്ക്കിടെ മാറ്റുക.

* എടിഎമ്മിൽ ലഭിക്കുന്ന രസീതുകൾ അശ്രദ്ധമായി വലിച്ചെറിയരുത്.

* പാസ്വേഡ് അടിക്കുമ്പോൾ സമീപത്തുള്ളവർക്കു കീ ഏതെന്നു തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് ഉറപ്പുവരുത്തുക.

* കാർഡ് ഉപയോഗിക്കാൻ മറ്റാരെയും ഏല്പിക്കരുത്.

* സ്റ്റോറുകളിലും മറ്റും കാർഡ് ഉപയോഗിക്കുമ്പോൾ തിരിച്ചുകിട്ടിയതു സ്വന്തം കാർഡാണെന്ന് ഉറപ്പുവരുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.