ജെഎൻയുവിൽ കാണാതായ വിദ്യാർഥിയെക്കുറിച്ചു വിവരമില്ല
Saturday, October 22, 2016 12:22 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നജീബ് അഹമ്മദിെൻറ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനും പുതിയ വിവരങ്ങളില്ല. അധികൃതരുടെ അനാസ്‌ഥയ്ക്കെതിരേ കാമ്പസിനകത്തും പുറത്തും സമരം ചെയ്തതിനെത്തുടർന്ന് അഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുൾപ്പെടെ അടിയന്തര നടപടി വാഗ്ദാനം ചെയ്തെങ്കിലും ഫലം കാണാത്തതിൽ വിദ്യാർഥികൾ അസ്വസ്‌ഥരാണ്. അസ്വസ്‌ഥരാക്കുന്നുണ്ട്. നജീബിനെ തിരിച്ചെത്തിക്കുക, നീതി നൽകുക എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാജ്യവ്യാപക പ്രതിരോധ പരിപാടി സംഘടിപ്പിക്കാൻ ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് അസോസിയേഷൻ (ഐസ) ആഹ്വാനം ചെയ്തിട്ടുണ്ട്.

നജീബിനെ കണ്ടെത്തി സുരക്ഷിതനായി ജെഎൻയുവിൽ മടക്കി എത്തിക്കണമെന്നും അക്രമികൾക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. അതിനിടെ കഴിഞ്ഞയാഴ്ച ആക്രമിച്ചവർ നജീബിനെ കൊല്ലുമെന്ന് ആക്രോശിച്ചതായി ഒരു ദൃസാക്ഷികൂടി വെളിപ്പെടുത്തി. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ എംഫിൽ വിദ്യാർഥി ഷാഹിദ് റാസാ ഖാനാണ് ഇക്കാര്യം മാധ്യമങ്ങൾക്കു മുന്നിൽ വ്യക്‌തമാക്കിയത്. ഹോസ്റ്റലിൽ അടിയുടെ ശബ്ദം കേട്ട് നോക്കവെ എബിവിപി പ്രവർത്തകൻ വിക്രാന്ത് കുമാർ, നജീബ് തന്നെ അകാരണമായി മർദിച്ചു എന്നു വിളിച്ചുപറഞ്ഞ് ഓടിവരുന്നുണ്ടായിരുന്നു.


എന്നാൽ, മുറിയിൽ ചെന്നു നോക്കുമ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തം വാർന്നു നിൽക്കുന്ന നജീബിനെയാണു കണ്ടത്. വാർഡനെ വിവരമറിയിച്ച് നജീബിനെ കഴുകിക്കാനായി കുളിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മുപ്പതോളം പേരുടെ സംഘം കുളിമുറിക്കുള്ളിലിട്ട് നജീബിനെ അക്രമിക്കുകയായിരുന്നു. വാർഡന്റെ മുറിയിലേക്ക് കൊണ്ടുപോകും വഴി ലൈറ്റുകൾ അണച്ച് ഇരുട്ടാക്കിയാണ് മർദിച്ചത്. ശാരീരിക അക്രമത്തിനു പുറമെ വർഗീയ പരാമർശങ്ങളും ഭീകരവാദി വിളികളും മുഴക്കിയതായും ഷാഹിദ് ആരോപിക്കുന്നു.

എഐഎസ്എ പ്രക്ഷോഭം ആരംഭിച്ചു

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രക്ഷോഭം ആരംഭിച്ചു. മഹി–മൻഡാവി ഹോസ്റ്റലിൽ എബിവിപി വിദ്യാർഥികളും നജീബും ഏറ്റുമുട്ടിയിരുന്നു. ഒക്ടോബർ 16 മുതലാണ് നജീബിനെ കാണാതായത്. എഐഎസ്ഐയുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നു പാർട്ടി നേതാവ് കവൽപ്രീത് കൗർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.