യുപി–പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ചിൽ?
യുപി–പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ചിൽ?
Sunday, October 23, 2016 12:16 PM IST
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരി– മാർച്ചോടെ നടന്നേക്കും. ഫെബ്രുവരി ഒന്നിനു പൊതുബജറ്റ് അവതരിപ്പിച്ച് ഫെബ്രുവരി അവസാനത്തോടെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ നീക്കുന്നതെന്നാണ് സൂചന. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ തെരഞ്ഞെടുപ്പുകൾ ഒരു ഘട്ടമായും നടത്താനാണു കമ്മീഷൻ ആലോചിക്കുന്നതെന്നും ഉദ്യോഗസ്‌ഥർ സൂചിപ്പിക്കുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മേധാവിത്വം നേടിയ സംസ്‌ഥാനങ്ങളാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവ. ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയേറ്റിരുന്നു. മിനി ലോക്സഭാ തെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ഭരിക്കുന്ന പഞ്ചാബിലെയും രാഷ്ട്രപതി ഭരണത്തിന്റെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ ഉത്തരാഖണ്ഡിലെയും ജനവിധി അറിയാനും ഏവർക്കും താത്പര്യമുണ്ട്.


മുലായംസിംഗ് യാദവിന്റെ സമാജ്വാദി പാർട്ടിയാണ് ഉത്തർപ്രദേശ് ഭരിക്കുന്നതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റിൽ എഴുപതും ബിജെപി നേടിയിരുന്നു. പഞ്ചാബിലെ അകാലിദൾ സർക്കാർ മൂന്നു തവണ തുടർച്ചയായി അധികാരത്തിലാണെങ്കിലും ഇക്കുറി കോൺഗ്രസും ആം ആദ്മി പാർട്ടിയും അവിടെ ശക്‌തമായി രംഗത്തുണ്ട്. ബിജെപിയിൽനിന്നു രാജിവച്ച മുൻ എംപി നവജ്യോത് സിംഗ് സിദ്ദുവും പുതിയ പാർട്ടിയുമായി കളത്തിലുണ്ട്.

ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ പാളയത്തിൽ പട ഒരുക്കിയതിനൊപ്പം ബിജെപി നടത്തിയ നീക്കങ്ങൾ സുപ്രീംകോടതിയിലെ നിയമയുദ്ധത്തിനു വരെ വഴിയൊരുക്കിയിരുന്നു.

ഡൽഹി പിടിച്ചടുക്കിയ ആം ആദ്മി പാർട്ടിയാകട്ടെ പഞ്ചാബിനൊപ്പം ഗോവയിലും ബിജെപിക്കെതിരേ അട്ടിമറി നടത്താനാകുമെന്ന കണക്കുകൂട്ടൽ നടത്തുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.