സമാജ്വാദി പാർട്ടി പിളർപ്പിലേക്ക്
സമാജ്വാദി പാർട്ടി പിളർപ്പിലേക്ക്
Sunday, October 23, 2016 12:16 PM IST
ലക്നോ: യുപിയിലെ ഭരണകക്ഷിയായ സമാജ്വാദി പാർട്ടിയിൽ പിളർപ്പ് ആസന്നമായി. മുഖ്യമന്ത്രി അഖിലേഷ് യാദവും പാർട്ടി ദേശീയ അധ്യക്ഷനും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് എസ്പി പിളർപ്പിലേക്കു നീങ്ങുന്നത്. പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായത്തിന്റെ ഇളയ സഹോദരനുമായ ശിവ്പാലിനെയും അമർ സിംഗ് അനൂകൂലികളായ മൂന്നു പേരെയും മന്ത്രിസഭയിൽനിന്ന് അഖിലേഷ് പുറത്താക്കിയപ്പോൾ അഖിലേഷിന്റെ അടുപ്പക്കാരനായ എസ്പി ദേശീയ ജനറൽ സെക്രട്ടറി രാംഗോപാൽ യാദവിനെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്കു മുലായം പുറത്താക്കി. അഖിലേഷ് യാദവിനെ നേതാവായി അംഗീകരിക്കില്ലെന്നു ശിവ്പാൽ യാദവ് വ്യക്‌തമാക്കി. ധർമയുദ്ധത്തിൽ എന്നും അഖിലേഷിനൊപ്പമായിരിക്കുമെന്നു രാംഗോപാൽ യാദവ് പറഞ്ഞു.

ഇന്നലെ രാവിലെ പാർട്ടി എംഎൽഎമാരുടെ യോഗം അഖിലേഷ് വിളിച്ചാണു മന്ത്രിമാരെ പുറത്താക്കാൻ തീരുമാനിച്ചത്. 229 എസ്പി എംഎൽഎമാരിൽ 183 പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനു ശേഷം ശിവ്പാൽ യാദവ്, നാരദ് റായി, ഓംപ്രകാശ് സിംഗ്(കാബിനറ്റ് മന്ത്രിമാർ), സയേദ ഷദാബ് ഫാത്തിമ(സഹമന്ത്രി) എന്നിവരെ പുറത്താക്കാൻ ഗവർണർ രാം നായിക്കിനോടു അഖിലേഷ് ശിപാർശ ചെയ്തു.

ഗവർണർ ഉടൻ അഖിലേഷിന്റെ ശിപാർശ സ്വീകരിച്ചു. മന്ത്രിമാരെ പുറത്താക്കുന്നതിനു മുമ്പ് അഖിലേഷിനു പിന്തുണയറിയിച്ച് രാംഗോപാൽ യാദവ് പാർട്ടി പ്രവർത്തകർക്കു കത്തെഴുതിയിരുന്നു. അഖിലേഷിനെ എതിർക്കുന്നവർക്ക് താക്കീതും കത്തിലുണ്ടായിരുന്നു.

അമർ സിംഗിനെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന പ്രമേയം എസ്പി നിയമസഭാ കക്ഷി യോഗം പാസാക്കി. അമർ സിംഗിനൊപ്പം പാർട്ടിയിൽ തിരിച്ചെത്തിയ ജയപ്രദയെ യുപി ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ വൈസ് ചെയർപേഴ്സൺ സ്‌ഥാനത്തുനിന്നു നീക്കി. ഗായത്രി പ്രസാദ് പ്രജാപതി, മദൻ ചൗഹാൻ എന്നീ മന്ത്രിമാരെ പുറത്താക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

മന്ത്രിസഭയിൽനിന്നു പുറത്താക്കിയയുടൻ ശിവ്പാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സമീപം തന്നെയുള്ള മുലായത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് രാംഗോപാൽ യാദവിനെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കാൻ രാംഗോപാൽ ശ്രമിച്ചുവെന്നു ശിവ്പാൽ യാദവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. അഴിമതിക്കേസിൽനിന്നു തന്നെയും മകനെയും രക്ഷപ്പെടുത്താൻ ബിജെപിയുടെ മുതിർന്ന നേതാവുമായി രാംഗോപാൽ മൂന്നു തവണ കൂടിക്കാഴ്ച നടത്തിയെന്നും ശിവ്പാൽ ആരോപിച്ചു.


പാർട്ടി വക്‌താവുകൂടിയായ രാംഗോപാൽ യാദവും മുലായത്തിന്റെ അടുത്ത ബന്ധുവാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിസ്‌ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് മുലായത്തിനു രാംഗോപാൽ കത്തെഴുതിയിരുന്നു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം എംഎൽഎമാർ തീരുമാനിക്കുമെന്നായിരുന്നു മുലായത്തിന്റെ പ്രതികരണം. അമർ സിംഗിനെ വീണ്ടും പാർട്ടിയിലെടുത്തതാണ് മുലായം–അഖിലേഷ് ഭിന്നതയുടെ തുടക്കം. അധോലോക നേതാവ് മുഖ്താർ അൻസാരിയുടെ ഖ്വാമി ഏക്താ ദൾ പാർട്ടിയെ എസ്പിയിൽ ലയിപ്പിക്കാനുള്ള നീക്കത്തെ അഖിലേഷ് എതിർത്തു. ശിവ്പാൽ യാദവായിരുന്നു ലയനത്തിനു മുന്നിൽ നിന്നത്. ഒടുവിൽ മുലായത്തിന്റെ താത്പര്യപ്രകാരം ലയനം നടന്നു. പുറത്തുനിന്നുള്ള ഒരേയൊരു ആളാണു പാർട്ടിയിലെ പ്രശ്നങ്ങൾക്കു കാരണമെന്ന് അമർ സിംഗിനെ ഉദ്ദേശിച്ച് മന്ത്രി അസം ഖാൻ പറഞ്ഞു. പാർട്ടി എംഎൽഎമാർ, എംപിമാർ, എംഎൽസിമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവരുടെ യോഗം ഇന്നു മുലായം വിളിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നു അഖിലേഷ് വ്യക്‌തമാക്കി.

പറയാനുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ വ്യക്‌തമാക്കുമെന്നു പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് പറഞ്ഞു. മുലായത്തിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ശിവ്പാൽ യാദവ്, ഓം പ്രകാശ് സിംഗ്, മുതിർന്ന മന്ത്രി അംബിക ചൗധരി തുടങ്ങിയവർ പങ്കെടുത്തു.

അഖിലേഷ് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹം

മുലായം–അഖിലേഷ് ഭിന്നത രൂക്ഷമാകുന്നതിനിടെ അഖിലേഷ് പുതിയ പാർട്ടി രൂപവത്കരിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. നാഷണൽ സമാജ്വാദി പാർട്ടി, പ്രഗതിശീൽ സമാജ്വാദി പാർട്ടി എന്നീ പേരുകളിൽ ഏതെങ്കിലും സ്വീകരിക്കാനും മോട്ടോർസൈക്കിൾ ചിഹ്നമാക്കാനുമാണ് ആലോചന. സമാജ്വാദി പാർട്ടിയുടെ ചിഹ്നം സൈക്കിളാണ്. കുടുംബത്തിലെ ഭിന്നതയെക്കുറിച്ചു പരാമർശിച്ചപ്പോൾ അഖിലേഷ് വികാരാധീനനായി.

മുലായം എന്റെ നേതാവും പിതാവുമാണ്. എന്റെ പിതാവിന് അലോസരമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ താത്പര്യമില്ല. എന്നാൽ സംഭവിച്ച കാര്യങ്ങൾ എന്നെ വേദനിപ്പിച്ചു. അതുകൊണ്ടാണു ഞാനും ഭാര്യയും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കു താമസം മാറ്റിയത് –അഖിലേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.