സോളാർ: 60 ദിവസത്തിനകം തുക കെട്ടിവയ്ക്കണം
Monday, October 24, 2016 12:09 PM IST
ബംഗളൂരു: സോളാർ കേസിൽ വ്യവസായി എം.കെ. കുരുവിളയ്ക്ക് ഉമ്മൻചാണ്ടി അടക്കം നാലുപേർ 1.61 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന ബംഗളൂരു ജില്ലാ സെഷൻസ് കോടതി വിധി പ്രകാരം 60 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണം. പുറമെ കോടതിച്ചെലവും വക്കീൽ ഫീസും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും ചേർന്നു ദക്ഷിണ കൊറിയയിൽനിന്നു സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര– സംസ്‌ഥാന സർക്കാരുകളുടെ ക്ലിയറൻസും സബ്സിഡിയും ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു വ്യവസായി എം.കെ. കുരുവിളയുടെ പരാതി. പദ്ധതി നടപ്പിലായില്ലെന്നും നഷ്‌ടപരിഹാരം വേണമെന്നും കാട്ടി 2015 മാർച്ച് 23ന് കുരുവിള പരാതി നൽകുകയായിരുന്നു. 1.35 കോടി രൂപയും അതിന്റെ പതിനെട്ട് ശതമാനം പലിശയും ലഭിക്കണമെന്നായിരുന്നു കുരുവിളയുടെ ആവശ്യം.

പദ്ധതിയെക്കുറിച്ച് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നൽകിയെന്നും കുരുവിള പരാതിയിൽ പറഞ്ഞിരുന്നു. എറണാകുളം ആസ്‌ഥാനമായുള്ള സോസ എഡ്യൂക്കേഷണൽ കൺസൾട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾക്കു വേണ്ടിയാണ് ഉമ്മൻചാണ്ടി ഉറപ്പുനൽകിയതെന്നും കുരുവിള പരാതിയിൽ ആരോപിക്കുന്നു. ഈ കമ്പനികൾ വഴി സോളാർ പാനലുകൾ സംസ്‌ഥാനത്ത് ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. 2012 ഒക്ടോബർ 11ന് ക്ലിഫ് ഹൗസിൽ വച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താനുമായി നടത്തിയ 40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ അദ്ദേഹം ഉറപ്പുകൾ ആവർത്തിച്ചുവെന്നും കുരുവിളയുടെ പരാതിയിലുണ്ട്.


നാലായിരം കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്ര സർക്കാർ സബ്സിഡിയായി 40 ശതമാനം ഇളവു ചെയ്യിച്ചു നൽകാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ, നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പരാതിയിൽ പറയുന്നത്. ഇത് ആദ്യമേ നൽകണമെന്ന നിലപാടു മൂലമാണു പദ്ധതി നടപ്പാകാതെ പോയതെന്നും കുരുവിള ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.