ഹിന്ദുത്വം ജീവിതരീതിയാണെന്നതിൽ ഉറച്ച് സുപ്രീംകോടതി
ഹിന്ദുത്വം ജീവിതരീതിയാണെന്നതിൽ ഉറച്ച് സുപ്രീംകോടതി
Tuesday, October 25, 2016 12:44 PM IST
ന്യൂഡൽഹി: ഹിന്ദുത്വം എന്നതു മതമല്ല, ജീവിതരീതിയാണെന്ന 1995ലെ ഉത്തരവിലുള്ള പരാമർശം പുനഃപരിശോധിക്കില്ലെന്നു സുപ്രീംകോടതി. ഹിന്ദു മതവാദം ഉന്നയിക്കുന്ന ഒരുഭാഗം വർഗീയവാദികൾക്കുവേണ്ടി അതു പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കി. സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണു കോടതിയുടെ നടപടി. എന്നാൽ, തെരഞ്ഞെടുപ്പിൽ ഹിന്ദുത്വം, ഹിന്ദുമതം എന്നിവ സംബന്ധിച്ചു പ്രചാരണം നടത്തുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം അഴിമതിയായി കണക്കാക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും ഏഴംഗ ബെഞ്ച് വ്യക്‌തമാക്കി.

1995ലെ ഉത്തരവിൽ ഹിന്ദുത്വം എന്നതും ഹിന്ദുയിസം എന്നതും ജീവിതക്രമം മാത്രമാണെന്നും ദേശീയതയുടെയും പൗരത്വത്തിന്റെയും അടയാളമാണെന്നും രേഖപ്പെടുത്തിയിരിക്കുന്നതു വർഗീയവാദികൾ ദുർവ്യാഖ്യാനം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിധി പുനഃപരിശോധിക്കണമെന്നു ടീസ്റ്റ സെതൽവാദ് ആവശ്യപ്പെട്ടത്. എന്നാൽ, ഹിന്ദുയിസം എന്ന വിഷയത്തിൽ വിശാലമായ രീതിയിൽ പരിശോധന നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്‌തമാക്കിയ കോടതി, ഹിന്ദുത്വം എന്ന് ഉത്തരവിൽ പറഞ്ഞിരിക്കുന്നതു ഹിന്ദുമതം എന്ന അർഥത്തിലാണോയെന്നു പുനഃപരിശോധിക്കുന്നില്ലെന്നും വ്യക്‌തമാക്കി.


കോടതിക്കു മുന്നിൽ സമർപ്പിച്ച റഫറൻസിൽ ഹിന്ദുത്വം എന്ന പദമില്ല. അതിൽ അങ്ങനെയൊരു റഫറൻസ് ഉണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അതിൽ വാദം കേൾക്കും.

ഈ ഘട്ടത്തിൽ 1995ലെ വിധിയിൽ പറയുന്ന ഹിന്ദുത്വം മതമാണോ എന്ന കാര്യത്തിൽ പരിശോധന നടത്തുന്നില്ല. അതേസമയം, മതനേതാക്കൾ ഏതെങ്കിലും സ്‌ഥാനാർഥികൾക്കായി വോട്ട് തേടുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 123–ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.