അതിർത്തിയിൽ വെടിവയ്പ്: ബിഎസ്എഫ് ജവാൻ മരിച്ചു
അതിർത്തിയിൽ വെടിവയ്പ്: ബിഎസ്എഫ് ജവാൻ മരിച്ചു
Thursday, October 27, 2016 12:34 PM IST
ജമ്മു: അതിർത്തിയിലെ ഇന്ത്യൻ സൈനികപോസ്റ്റുകളിലേക്കും ഗ്രാമങ്ങളിലേക്കും പാക്കിസ്‌ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ആറു ഗ്രാമീണർക്കു പരിക്കേറ്റു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക് റേഞ്ചേഴ്സ് സൈനികനും കൊല്ലപ്പെട്ടു. ഒരു പാക് സൈനികനു പരിക്കേൽക്കുകയും ചെയ്തു.

അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള ഒരു സംഘം ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിലെ തങ്ധർ മേഖലയിലാണു നുഴഞ്ഞുകയറ്റശ്രമം നടന്നത്. ജമ്മു കാഷ്മീരിൽ രജൗരി ജില്ലയിലെ സുന്ദർബനി മേഖലയിലും അർനിയ– ആർഎസ് പുര മേഖലയിലുമാണു വെടിനിറുത്തൽ കരാർ ലംഘിച്ചു പാക് സൈന്യം മണിക്കൂറുകളോളം ആക്രമണം നടത്തിയത്.

ബിഹാറിലെ മോത്തിഹരി നിവാസി ജിതേന്ദ്ര കുമാറാണു കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ. ആർഎസ് പുരയിലെ ഖോപ്ര, ബസിത് എന്നീ അതിർത്തിഗ്രാമങ്ങളിലുള്ളവർക്കാണു പരിക്കേറ്റത്. അന്താരാഷ്ട്ര അതിർത്തിയിൽ ജമ്മുവിലെ അർനിയയിലും ആർഎസ്പുര മേഖലയിലും ബുധനാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണം ഇന്നലെ പുലർച്ചെയോടെ പാക്കിസ്‌ഥാൻ സൈന്യം അവസാനിപ്പിച്ചത്. യന്ത്രത്തോക്കുകളും മോർട്ടാർഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്‌ഥാൻ സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്‌ടിച്ചത്.


അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീഷണിയെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ജമ്മു–കാഷ്മീർ സർക്കാർ അവധി പ്രഖ്യാപിച്ചു. ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനും നടപടിയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കഠുവ മേഖലയിൽ വെടിനിർത്തൽകരാർ ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യ ശക്‌തമായ മറുപടി നൽകിയിരുന്നു. പാക്കിസ്‌ഥാൻ റേഞ്ചേഴ്സിന്റെ ഏഴു സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. പാക് അധീന കാഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിനുശേഷം ഇതുവരെ 55 തവണയാണു പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.