മിനിമം വേതനം 350 രൂപ
മിനിമം വേതനം 350 രൂപ
Friday, October 28, 2016 1:16 PM IST
ന്യൂഡൽഹി: അവിദഗ്ധ കർഷകത്തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന വേതനം 350 രൂപയാക്കും. എല്ലാ വിഭാഗം തൊഴിലാളികളുടെയും കുറഞ്ഞ വേതനം ഇരട്ടിയിലേറെയാക്കി ചൊവ്വാഴ്ചയോടെ വിജ്‌ഞാപനമിറക്കുമെന്നു കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ. മിനിമം വേതന നിയമത്തിലും ഭേദഗതി വരുത്തും.

ഇപ്പോൾ രാജ്യത്തു കർഷകത്തൊഴിലാളികൾക്കായി കുറഞ്ഞ വേതനവ്യവസ്‌ഥ ഇല്ല. മൊത്തം ഗ്രാമീണ തൊഴിലാളികൾക്കു നിശ്ചയിച്ചിട്ടുള്ള 160 രൂപ എന്നത് അവർക്കും ബാധകമായി കരുതപ്പെടുന്നതേയുള്ളൂ. കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്‌ഞാപനം ചെയ്യുന്ന മിനിമം വേതനം സംസ്‌ഥാനങ്ങൾ ഒരു ഉപദേശമായേ കണക്കാക്കുന്നുള്ളൂ. ഈ നില മാറ്റാനാണു മിനിമംവേതന നിയമം ഭേദഗതി ചെയ്യുന്നത്. കേന്ദ്ര തൊഴിൽമന്ത്രാലയം വിജ്‌ഞാപനം ചെയ്യുന്ന കുറഞ്ഞ വേതനം രാജ്യത്തു സാർവത്രികമായി ബാധകമാകും. എല്ലാ വിഭാഗങ്ങൾക്കും സംസ്‌ഥാനങ്ങൾക്കും അതു ബാധകമായിരിക്കും. നൈയാമികവും (സ്റ്റാറ്റ്യൂട്ടറി) ആയിരിക്കും. സംസ്‌ഥാനങ്ങൾക്ക് ഈ നിരക്ക് അടിസ്‌ഥാന നിരക്കായി സ്വീകരിക്കേണ്ടിവരും. അതായത്, ഇതിനേക്കാൾ താഴെ കുറഞ്ഞ വേതനം നിശ്ചയിക്കാൻ പാടില്ല.


ആംഗൻവാടി, ആശവർക്കർമാരുടെയും സ്കൂളുകളിൽ ഉച്ചക്കഞ്ഞി തയാറാക്കുന്നവരുടെയും വേതനം സംബന്ധിച്ചു പഠിക്കാൻ തൊഴിൽ സെക്രട്ടറി ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.