നഗ്രോത ഭീകരാക്രമണം കുറ്റകരമായ അനാസ്‌ഥമൂലം: എ.കെ. ആന്റണി
നഗ്രോത ഭീകരാക്രമണം കുറ്റകരമായ അനാസ്‌ഥമൂലം: എ.കെ. ആന്റണി
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: നഗ്രോതയിലെ ഭീകരാക്രണം കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്‌ഥയെത്തുടർന്നാണെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. വീരവാദം മുഴക്കുന്നതു നിർത്തി അതിർത്തിയിലെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാൻ സർക്കാർ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി സർക്കാർ ദേശസ്നേഹികളായ ജവാന്മാരുടെ ജീവൻകൊണ്ടു പന്താടുകയാണ്. സർക്കാരിന്റെ വീഴ്ചമൂലം ദിവസേനയെന്നോണം അതിർത്തിയിൽ ജവാന്മാരുടെ ജീവൻ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയായിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. ആദ്യം പത്താൻകോട്ടിലെ സൈനിക താവളത്തിൽ ഭീകരർ നുഴഞ്ഞു കയറി ആക്രമണം നടത്തി. ആ സംഭവം സർക്കാരിന്റെ കണ്ണുതുറപ്പിച്ചിരുന്നെങ്കിൽ വീണ്ടും ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമായിരുന്നു.

പത്താൻകോട്ട് ഭീകരാക്രമണത്തിനുശേഷം കേന്ദ്രസർക്കാർ ഒരു ഉന്നത സമിതിയെ നിയോഗിച്ചു. ഈ സമിതി വീണ്ടും ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നിർദേശങ്ങൾ സമർപ്പിച്ചു. മാസങ്ങളായി ഈ റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ, അതിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ ഒരു മേൽനടപടിയും ഇതുവരെ എടുത്തിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ നടപടി എടുത്തിരുന്നെങ്കിൽ ഉറിയിലേയും നഗ്രോതയിലേയും ഭീകരാക്രമങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മിന്നൽ ആക്രമണത്തെക്കുറിച്ചുള്ള വീരസ്യങ്ങൾ പറയുന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെയുള്ള സർക്കാരുകളാരും അവരുടെ കാലത്ത് നടത്തിയ സൈനിക നീക്കങ്ങളെക്കുറിച്ച് ഇതുപോലെ പരസ്യപ്പെടുത്തിയിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ മിന്നലാക്രമണം നടത്തി. അവയൊന്നും കൊട്ടിഘോഷിച്ചിട്ടില്ല.

സർജിക്കൽ സ്ട്രൈക്കിന് ശേഷം എല്ലാം ശരിയായെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, സർജിക്കൽ സ്െരടെക്കിനുശേഷം പാക്കിസ്‌ഥാൻ സൈന്യവും ഭീകരരും ഭയപ്പെടുകയല്ല ഉണ്ടായത്. മറിച്ച് അവർക്ക് കൂടുതൽ കരുത്തും തന്റേടവും ധിക്കാരവും ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 25ലധികം സൈനികരാണ് അതിർത്തിൽ കൊലപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ രണ്ടു പ്രാവശ്യമായി കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വികൃതമാക്കുകയുണ്ടായി. അതിർത്തിയിലെ നുഴഞ്ഞു കയറ്റം സർവകാല റെക്കോർഡിലുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധിമാണ് നുഴഞ്ഞു കയറ്റം. നിയന്ത്രണരേഖയിൽ എല്ലാ ദിവസവും നുഴഞ്ഞുകയറ്റമാണ്. എത്രപേർ നുഴഞ്ഞു കയറുന്നുവെന്ന കണക്കു പോലും സർക്കാരിന്റെ കൈവശമില്ല. ഇങ്ങനെപോയാൽ അതിർത്തിരക്ഷ വലിയ അപകടത്തിലേക്ക് നീങ്ങുമെന്നും ആന്റണി മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.