ജിഡിപി വളർച്ച അല്പം കുറഞ്ഞു
ജിഡിപി വളർച്ച അല്പം കുറഞ്ഞു
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വള ർച്ച അല്പം കുറഞ്ഞു. തലേവർഷം ജൂലൈ–സെപ്റ്റംബറിൽ 7.6 ശതമാനം വളർന്നത് ഇത്തവണ 7.3 ശതമാനമായി.

ഏപ്രിൽ–സെപ്റ്റംബർ അർധവർഷത്തെ സാമ്പത്തിക വളർച്ച 7.5ശതമാനത്തിൽനിന്ന് 7.2 ശതമാനമായി കുറഞ്ഞു. ഏപ്രിൽ– ജൂൺ വളർച്ച 7.1 ശതമാനമായിരുന്നു. കറൻസി പിൻവലിക്കലിന് അഞ്ചാഴ്ച മുൻപവസാനിച്ച കാലത്തെ കണക്കാണിത്. 2016–17 വർഷം 7.6 ശതമാനം ജിഡിപി വളർച്ചയാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. അർധവർഷ വളർച്ച 7.2 ശതമാനമായ നിലയ്ക്ക് രണ്ടാം പകുതിയിൽ എട്ടുശതമാനത്തിലേറെ വളർന്നാലേ 7.6 ശതമാനം എന്ന ലക്ഷ്യം സാധിക്കൂ. എന്നാൽ, കറൻസി പിൻവലിക്കലിനെത്തുടർന്ന് വില്പനയിലും സാമ്പത്തിക പ്രവർത്തനങ്ങളിലും ഉണ്ടായ കുറവ് ആ വളർച്ചാതോത് അസാധ്യമാക്കി. അദ്യ പകുതിയിൽ പോലും പ്രതീക്ഷിച്ചത്ര വളർച്ച ഉണ്ടായില്ല. ഒക്ടോബർ–ഡിസംബർ ത്രൈമാ സത്തിൽ ഒട്ടുമിക്ക മേഖലകളും തീരെത്താണ വളർച്ചയേ കുറിക്കൂ. ജനുവരിക്കു മുമ്പ് ബാങ്കിംഗ് സാധാരണ നിലയിലായാൽ പോലും ജനുവരി–മാർച്ച് വളർച്ച ശരാശരിക്കൊ പ്പം എത്തുമെന്നു പ്രതീക്ഷയില്ല. ഈ സാഹചര്യത്തിലാണ് ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ 2016 –17 വളർച്ച 6.9 ശതമാനമേ വരൂ എന്നു പറ ഞ്ഞത്. അവർ നേരത്തേ കണക്കാക്കിയത് 7.4 ശതമാനം വളർച്ചയാണ്. ജൂലൈ–സെപ്റ്റംബറിൽ മിക്ക മേഖലകളും തലേ വർഷത്തേതിലും കുറഞ്ഞ തോതിലാണു വളർന്നത്. കാർഷിക വളർച്ച 3.3 ശതമാനമാണ്. തലേവർഷം രണ്ട് ശതമാനമായിരുന്നു.


ഖനനം തലേവർഷത്തെ അഞ്ചു ശതമാനത്തിൽനിന്ന് കുത്തനേ വീണ് 1.5 ശതമാനം കുറവ് രേഖപ്പെടുത്തി. വൈദ്യുതി ഉത്പാദനം 7.5 ശതമാനത്തിൽനിന്നു 3.5 ശതമാനമായി ഇടിഞ്ഞു. വ്യാപാര ഹോട്ടൽ വാർത്താവിനിമയ മേഖല 6.7ൽനിന്ന് 7.1 ശതമാനമായി വർധിച്ചു. ധനകാര്യമേഖലയാകട്ടെ 11.9 ശതമാനം വളർച്ചയിൽ നിന്ന് 8.2 ശതമാനത്തിലേക്കു കുറഞ്ഞു.

ശമ്പള പരിഷ്കാരത്തിന്റെ ബലത്തിൽ പൊതുഭരണ പ്രതിരോധ മേഖല. 6.9 ശതമാനത്തിൽ നിന്ന് 12.5 ശതമാനത്തിലേക്കു വർധിച്ചു. ഇതിനിടെ ഏപ്രിൽ–ഒക്ടോബർ കാലത്തെ ധനകാര്യ ബഞ്ചിൽ പ്രതീക്ഷിച്ചതിന്റെ 79.3 ശതമാനമായി. സെപ്റ്റംബറിൽ ഇത് അവസാനിച്ചത് 83.9 ശതമാനമായിരുന്നു. ഇനിയുള്ള മാസങ്ങളിൽ വരവ് കൂടുകയോ ചെലവ് കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ ധനകമ്മി ലക്ഷ്യം മറികടക്കും. ജിഡിപി വളർച്ചാതോത് നിരാശ ജനകമാണെന്ന് നിക്ഷേപ ബാങ്കർമാർ വിലയിരുത്തി. 7.4 മുതൽ 7.6വരെ ശതമാനമാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.