നോട്ട്: സ്‌ഥിതി വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർക്കു പിഎസി ചെയർമാന്റെ നിർദേശം
നോട്ട്: സ്‌ഥിതി വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർക്കു പിഎസി ചെയർമാന്റെ നിർദേശം
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ ശേഷമുള്ള സ്‌ഥിതി നേരിട്ടെത്തി വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ പ്രഫ. കെ.വി. തോമസ് നിർദേശം നൽകി. റിസർവ് ബാങ്ക് ഗവർണറോടൊപ്പം കേന്ദ്ര ധന, റവന്യൂ സെക്രട്ടറിമാരെയും പിഎസി മുമ്പാകെ വിളിച്ചുവരുത്താൻ ഇന്നലെ ചേർന്ന പിഎസി യോഗം തീരുമാനിച്ചു. 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ച ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി അവലോകനം ചെയ്യാനും പിഎസി യോഗം തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു.

കെ.വി. തോമസ് അധ്യക്ഷനായ നിലവിലെ പിഎസി രണ്ടാം തവണയാണു റിസർവ് ബാങ്ക് ഗവർണർ അടക്കമുള്ള ഉന്നതരെ വിളിച്ചു വരുത്തുന്നത്. പിഎസിയിൽ ബിജെപി അടക്കം ഭരണപക്ഷത്തിനാണു ഭൂരിപക്ഷമെങ്കിലും ചെയർമാന്റെ നിലപാടിനോടു സഹകരിക്കുന്നതാണു ഇതുവരെ കാണാനായത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഏഴു ലക്ഷത്തിലേറെ കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിലെ വീഴ്ചയ്ക്കെതിരേയും കെജി ബേസിനിലെ പ്രകൃതിവാതകം കേസിൽ റിലയൻസ് കമ്പനിക്കെതിരേയും നടപടിക്കു പിഎസി ശിപാർശ ചെയ്തിരുന്നു. കെ.ജി. ബേസിനിലെ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയ ശേഷം സർക്കാരിനെ അറിയിക്കാതിരുന്ന റിലയൻസ് പെട്രോളിയത്തിനെതിരേ പിഴ ഈടാക്കാനായിരുന്നു പിഎസിയുടെ ശിപാർശ. രാജ്യം വിട്ട വിജയ് മല്യയുടെ ശതകോടികളുടെ കടം തിരിച്ചുപിടിക്കണമെന്നും നേരത്തെ പിഎസി നിർദേശം നൽകിയിരുന്നതാണ്.


നിഷികാന്ത് ദുബെ, കിരിത് സൊമയ്യ, അനുരാഗ് താക്കൂർ, ഡോ. പി. വേണുഗോപാൽ, ബുപേന്ദ്ര യാദവ്, ശാന്താറാം നായിക്, ഗജാനനൻ കിർത്തികർ, ഭർത്തൃഹരി മെഹ്താബ്, റീത്തി പഥക്, നെഫ്യുറിയോ, ജനാർദൻ സിംഗ് സ്ലിഗ്രിവാൾ, ശിവകുമാർ ഉദാസി, സുകേന്ദു ശേഖർ, അജയ് സൻചേതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.