റൂളിംഗ് ചോദ്യം ചെയ്ത ജയറാം രമേശിനു പി.ജെ. കുര്യന്റെ ശാസന
റൂളിംഗ് ചോദ്യം ചെയ്ത ജയറാം രമേശിനു പി.ജെ. കുര്യന്റെ ശാസന
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: രാജ്യസഭയിൽ ചെയറിന്റെ റൂളിംഗ് ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് ജയറാം രമേശിന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ ശാസന. ആദായ നികുതി ഭേദഗതി ബിൽ പണബില്ലാക്കി ലോക്സഭയിൽ അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തു സമാജ് വാദി പാർട്ടി അംഗം നരേഷ് അഗർവാൾ സംസാരിച്ചതിനെത്തുടർന്നാണ് സംഭവം.

സർക്കാർ പല ബില്ലുകളും ഇതു പോലെ എളുപ്പ വഴിയിൽ പാസാക്കിയെടുക്കുകയാണെന്നും നരേഷ് അഗർവാൾ ആരോപിച്ചു. ഇതിനെ പിന്തുണച്ച ജയറാം രമേശ്, ആന്ധ്ര റീ ഓർഗനൈസേഷൻ ബില്ലിന്റെ കാര്യത്തിൽ ഉൾപ്പെടെ തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു പറഞ്ഞു. അന്നത്തെ റൂളിംഗിനെ ചോദ്യം ചെയ്താണ് ജയറാം രമേശ് സംസാരിച്ചത്. എന്നാൽ, റൂളിംഗിനോട് യോജിക്കാതിരിക്കാം പക്ഷേ ചോദ്യം ചെയ്യാനാകില്ലെന്നു പി.ജെ. കുര്യൻ ശാസനയോടെ മുന്നറിപ്പു നൽകി. ജയറാം രമേശിന്റെ പരാമർശം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തുടർന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം വിഷയത്തിൽ ക്രമപ്രശ്നം ഉന്നയിക്കുകയും ജയറാം രമേശിന്റെ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വിഷയത്തിൽ ചിദംബരത്തിന്റെ അറിവ് അംഗീകരിക്കുന്നുവെന്നും എന്നാൽ, ജയറാം രമേശ് അധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നെന്നും ഇതംഗീകരിക്കാനാകില്ലെന്നും ഉപാധ്യക്ഷൻ വ്യക്‌തമാക്കി. അധ്യക്ഷന്റെ റൂളിംഗ് ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ലെന്നാണ് പി.ജെ. കുര്യൻ പറഞ്ഞത്. മന്ത്രി വെങ്കയ്യ നായിഡുവും ജയറാം രമേശിനെ വിമർശിച്ചു. ഇക്കാര്യത്തിൽ ഭരണഘടനയ്ക്കാണു മുൻതൂക്കമെന്ന് മന്ത്രി രവിശങ്കർ പ്രസാദും പറഞ്ഞു. ഒന്നാം പട്ടികയിലുള്ള ഫിനാൻഷ്യൽ ബില്ലുകൾ ലോക്സഭയിൽ തന്നെയാണ് അവതരിപ്പിക്കേണ്ടതെന്ന് ഉപാധ്യക്ഷൻ വ്യക്‌തമാക്കി. ഇതോടെ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷം മാപ്പു പറയണമെന്ന് ഭരണപക്ഷം ആവശ്യമുന്നയിച്ചു.


കഴിഞ്ഞ ആഴ്ച സ്പീക്കറുടെ റൂളിംഗിനെ ചോദ്യം ചെയ്ത പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ് വിയെയും പി.ജെ .കുര്യൻ ശാസിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.