സ്ഫോടകവസ്തു ഫാക്ടറിയിൽ പൊട്ടിത്തെറി; 20 മരണം
സ്ഫോടകവസ്തു ഫാക്ടറിയിൽ പൊട്ടിത്തെറി; 20 മരണം
Thursday, December 1, 2016 3:09 PM IST
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തുറൈയൂരിൽ സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ സ്ഫോടനത്തെത്തുടർന്നുണ്ടായ അഗ്നിബാധയിൽ 20 പേർ മരിച്ചു. നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റു. 22 പേർ മരിച്ചതായാണു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുറുംഗപട്ടിയിലുള്ള വെട്രിവേൽ എക്സ്പ്ലോസീവ് എന്ന കമ്പനിയുടെ മൂന്നു നിർമാണശാലകൾ പൂർണമായും കത്തിയമർന്നു. പാറ പൊട്ടിക്കുന്നതിനും മറ്റുമുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയാണിത്. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങളും സ്ഫോടകവസ്തുക്കളുടെ അവശിഷ്‌ടങ്ങളും പ്രദേശമാകെ ചിതറിക്കിടക്കുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രദേശത്തു രക്ഷാപ്രവർത്തനം തുടരുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്.


അപകടകാരണം വ്യക്‌തമല്ല. സ്ഫോടനശബ്ദം രണ്ടു കിലോമീറ്റർ അകലെവരെ കേട്ടതായി ഗ്രാമവാസികൾ പറഞ്ഞു. കയറ്റുമതി ലൈസൻസുള്ള കമ്പനി 16 വർഷം മുമ്പാണു പ്രവർത്തനമാരംഭിച്ചത്.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ടൂറിസം മന്ത്രി വെല്ലാമണ്ഡി എൻ. നടരാജൻ, ജില്ലാ കളക്ടർ കെ.എസ്. പഴനിസ്വാമി എന്നിവർക്കൊപ്പം മുതിർന്ന പോലീസ് ഓഫീസർമാരും പ്രദേശത്തു ക്യാമ്പ് ചെയ്യുകയാണ്. അപകടത്തെത്തുടർന്നു ഫാക്ടറിക്കെതിരേ നാട്ടുകാർ പ്രതിഷേധം ശക്‌തമാക്കി. ജനജീവിതത്തിനു ഭീഷണിയായ ഫാക്ടറി അടച്ചുപൂട്ടണമെന്നാണു നാട്ടുകാരുടെ ആവശ്യം. അടിയന്തര നടപടി സ്വീകരിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന് ഇന്നലെ പ്രതിഷേധക്കാർ തിരിച്ചുപോവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.