രാകേഷ് അസ്താനയ്ക്കു സിബിഐ ഡയറക്ടറുടെ ചുമതല
Friday, December 2, 2016 3:02 PM IST
ന്യൂഡൽഹി: സിബിഐ ഡയറക്ടർ അനിൽ സിൻഹ വിരമിച്ചതിനെത്തുടർന്ന് ഗുജറാത്ത് കേഡർ ഐപിഎസ് ഓഫീസറായ രാകേഷ് അസ്താനയ്ക്കു ചുമതല. പത്തു വർഷത്തിനിടെ സിബിഐ തലപ്പത്ത് ഇതാദ്യമായാണ് സ്‌ഥിരം നിയമനം നടത്താതെ ഒരാൾക്ക് ചുമതല മാത്രം നൽകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനിൽ സിൻഹ വിരമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും പ്രത്യേക താത്പര്യത്തിന് അനുസരിച്ചതാണ് ഗുജറാത്ത് കേഡർ ഉദ്യോഗസ്‌ഥനായ രാകേഷിന് ഇപ്പോൾ ചുമതല നൽകിയതെന്നാണ് വിവരം.

സിബിഐയിൽ അഡീഷണൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന രാകേഷ് അസ്താനയുടെ സീനിയർ ആയ സ്പെഷൽ ഡയറക്ടർ ആർ.കെ ദത്തയാകും അനിൻ സിൻഹയുടെ പിൻഗാമി എന്നായിരുന്നു കരുതപ്പെട്ടിരുന്നത്.


എന്നാൽ, ദത്തയെ ഏതാനും ദിവസം മുമ്പ് സിബിഐയിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിൽ സ്പെഷൽ സെക്രട്ടറി ആയി സ്‌ഥലം മാറ്റിയാണ് രാകേഷ് അസ്താനക്ക് വഴിയൊരുക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിൽ ഇതാദ്യമായാണ് രണ്ടാമതൊരു സ്പെഷൽ സെക്രട്ടറിയുടെ തസ്തിക സൃഷ്‌ടിക്കുന്നത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ കൊളീജിയമാണ് സിബിഐ തലവനെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ, രണ്ടു വർഷത്തെ സേവനകാലാവധിക്കു ശേഷം അനിൽ സിൻഹ വെള്ളിയാഴ്ച വിരമിച്ചിട്ടും പകരക്കാരനെ നിയമിക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ കൊളീജിയത്തിന്റെ യോഗം വിളിച്ചുചേർത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.