ക്വാറികൾക്കു ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി വേണം
ക്വാറികൾക്കു ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി വേണം
Friday, December 2, 2016 3:02 PM IST
ന്യൂഡൽഹി: അഞ്ചു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി നിർബന്ധമെന്നു കോടതി. ക്വാറി ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. റോഡുകൾ നീളെ ക്വാറികൾ വന്നാൽ സ്‌ഥിതി എന്താകുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേരളത്തിന് ഇളവ് നൽകിയാൽ ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളും ക്വാറി അനുകൂല നിലപാടെടുക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

അഞ്ചു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് ലൈസൻസ് പുതുക്കുന്നതിന് പരിസ്‌ഥിതി അനുമതി നിർബന്ധമാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്താണു ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. പെർമിറ്റ് പുതുക്കാൻ പരിസ്‌ഥിതി അനുമതി വേണ്ടെന്ന നിലപാടാണ് സംസ്‌ഥാന സർക്കാരും സ്വീകരിച്ചത്. ഇതിനായി ഉന്നയിച്ച വാദങ്ങൾ സുപ്രീംകോടതി തള്ളി. പരിസ്‌ഥിതി സംരക്ഷിക്കാൻ സംസ്‌ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ ക്വാറിയുടമകളുമായി കൈകോർത്തിരിക്കുകയാണെന്നായിരുന്നു ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചിന്റെ വിമർശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.